ernakulam local

ശക്തമായ മഴയിലും പെരിയാറിലെ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങി

കളമശ്ശേരി: കഴിഞ്ഞ രണ്ടുദിവസമായി ശക്തമായ മഴ പെയ്യുകയും പുഴയിലെ ഒഴുക്ക് വര്‍ധിച്ചിട്ടും നിരവധി മല്‍സ്യങ്ങള്‍ പ്രാണവായു ലഭിക്കാതെ പെരിയാറില്‍ ചത്തുപൊങ്ങി.
ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് പെരിയാറില്‍ പാതാളത്തെ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ മുകള്‍ ഭാഗത്തും താഴ് ഭാഗത്തുമായി മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയത്. പ്രാണവായു ലഭിക്കാതെ മല്‍സ്യങ്ങള്‍ പിടയുന്നത് കാണാം.
കഴിഞ്ഞ അഞ്ചുമാസത്തിനിടയില്‍ 13ാം തവണയാണ് പെരിയാറില്‍ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങുന്നത്. രണ്ടുദിവസം മുമ്പ് പെരിയാറിലെ ഓക്‌സിജന്റെ അളവ് 0. 1 മില്ലി ലിറ്ററായിരുന്നു. ഇന്നലെയൊന്നും പിസിബി ഉദ്യോഗസ്ഥര്‍ പുഴയിലെ വെള്ളം പരിശോധിക്കാനോ ഓക്‌സിജന്റെ അളവ് നോക്കാനോ എത്തിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ പുഴയില്‍ കരിമീന്‍, പരല്‍, കൂരി, കോലാല്‍, കൊഞ്ച്, ചെമ്മീന്‍ തുടങ്ങി നിരവധി പുഴമല്‍സ്യങ്ങളാണ് ഓക്‌സിജന്‍ ലഭിക്കാതെ ചത്തുപൊങ്ങിയത്. രണ്ടുദിവസമായി ശക്തമായ മഴയും പുഴയില്‍ ഒഴുക്കും ഉണ്ടായിരുന്നിട്ടും മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാനുണ്ടായ കാരണമെന്തെന്ന് കണ്ടെത്താന്‍ പിസിബി അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മല്‍സ്യങ്ങള്‍ പുഴയില്‍ ചത്തുപൊങ്ങുന്ന വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പിസിബി അധികൃതര്‍ പെരിയാറില്‍നിന്നും സാംപിള്‍ ശേഖരിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ മല്‍സ്യക്കുരുതിയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ല. വരുന്ന 23ന് പെരിയാറിലെ മല്‍സ്യക്കുരുതിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് പിസിബി ചെയര്‍മാന്‍ എത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം പെരിയാറില്‍ അടിക്കടിയുണ്ടാവുന്ന മല്‍സ്യക്കുരുതിക്കു കാരണം വന്‍തോതില്‍ രാസവസ്തുക്കളടങ്ങിയ മലിനജലം പുഴയിലേക്ക് ഒഴുക്കുന്നതാവാമെന്ന് നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it