malappuram local

ശക്തമായ കാറ്റും മഴയും: മലയോരത്ത് വ്യാപക നാശം; കാളികാവില്‍ ഫര്‍ണിച്ചര്‍ നിര്‍മാണശാല തകര്‍ന്നു

കളികാവ്/എടക്കര: കനത്ത കാറ്റിലും മഴയിലും മലയോരത്ത് വ്യാപക നാശം. എടക്കര മേഖലയില്‍ രണ്ടുവീടുകള്‍ ഭാഗികമായി തകര്‍ന്നു. ലൈനുകള്‍ പൊട്ടിവീണ് വൈദ്യുതി ബന്ധം തകരാറിലായി. നിരവധി വീടുകളില്‍ വെള്ളം കയറി. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് ശക്തമായ മഴയ്‌ക്കൊപ്പം കാറ്റും ആഞ്ഞുവീശിയത്. ശങ്കരംകുളം തച്ചംപറ്റ സൈനബ, ലക്ഷ്മി വിലാസം ലിജു എന്നിവരുടെ വീടുകളുടെ മേല്‍ക്കൂരയാണ് മരം വീണ് ഭാഗികമായി തകര്‍ന്നത്. ശങ്കരംകുളത്തെ പാലക്കാത്തടത്തില്‍ ജോസ്, മൊയ്തീന്‍, ഏലാട്ടുപറമ്പില്‍ ഹൈദ്രു എന്നിവരുടെതുള്‍പ്പെടെ നിരവധി വീടുകളില്‍ വെള്ളം കയറി. പ്രദേശത്തെ കൃഷിയിടങ്ങളിലും വെള്ളം കയറി നാശം സംഭവിച്ചിട്ടുണ്ട്. ലൈനിന് മുകളിലേക്ക് മരങ്ങളും തെങ്ങും പൊട്ടിവീണ് പാലേമാട്, ശങ്കരംകുളം, പായിമ്പാടം, പള്ളിപ്പടി, ബാര്‍ബര്‍മുക്ക് പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലായി. പാലേമാട് അഞ്ച് വൈദ്യുതി തൂണുകള്‍ പൊട്ടിവീണു.
അഞ്ചച്ചവിടി മൂച്ചിക്കലില്‍ പുലിവെട്ടി യൂസഫിന്റെ ഫര്‍ണിച്ചര്‍ നിര്‍മാണശാല തകര്‍ന്നു. ഫര്‍ണിച്ചറുകളും ഉരുപ്പടികളും നശിച്ചു. മൂന്നു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഓടുമേഞ്ഞ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. കനത്ത മഴയോടൊപ്പം ശക്തമായ ഇടിമിന്നലുമുണ്ടായി. പലയിടങ്ങളിലും വൈദ്യുതി ഉപകരണങ്ങളും നശിച്ചു. വെള്ളയൂര്‍ വില്ലേജ് അധികാരികള്‍ യൂസഫിന്റെ സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it