thrissur local

ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു

ഒരുമനയൂര്‍: പാലംകടവ് ബേബി ലാന്റ് കോളനിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. എട്ടാം വാര്‍ഡില്‍ കുറുപ്പശ്ശേരി വള്ളിയമ്മുവിന്റെ ഓടിട്ട വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഈ സമയം വീടിനകത്തു ടിവി കണ്ടു കൊണ്ടിരുന്ന വള്ളിയമ്മുവിന്റെ മകന്‍ അശോകന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ശോച്യാവസ്ഥയില്‍ ആയിരുന്ന വീടിന്റെ അറ്റകുറ്റപ്പണിക്കായി നിരവധി തവണ പഞ്ചായത്തില്‍ കയറിയിറങ്ങിയതായും അധികൃതരുടെ ഭാഗത്തു നിന്നും ഒരു സഹായവും ലഭിച്ചില്ലെന്നും പഞ്ചായത്തിന്റെ വീട് വാസയോഗ്യമാക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും മുന്‍ വാര്‍ഡ് മെമ്പറുടെ വീടിന്റെ അറ്റകുറ്റപ്പണി നടത്താനാണ് പാസാക്കിയതെന്നും വള്ളിയമ്മുവിന്റെ മകന്‍ ഗോപാലകൃഷ്ണന്‍(ബാബു) പറയുന്നു. എന്നാല്‍ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയില്‍ നിന്നും വാര്‍ഡ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന ഒരു അപേക്ഷകനാണ് ഒന്നേകാല്‍ ലക്ഷം രൂപയോളം പാസാക്കുകയെന്നും അതിനുവേണ്ട നീക്കുപോക്കുകള്‍ നടന്നുവരുന്നതായും മേല്‍ക്കൂര തകര്‍ന്ന വിവരം അറിഞ്ഞയുടനെ വീട് സന്ദര്‍ശിക്കുകയും വില്ലേജ് ഓഫിസറോടും തഹസില്‍ദാറോടും കാര്യങ്ങള്‍ ബോധിപ്പിക്കുകയും വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചതായും വാര്‍ഡ് മെമ്പര്‍ മൊയ്‌നുദ്ധീന്‍ പറഞ്ഞു.
തകര്‍ന്ന വീടിന്റെ അറ്റകുറ്റപ്പണിക്കായി ധൃതഗതിയില്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആഷിത കുണ്ടിയത് അറിയിച്ചു.
Next Story

RELATED STORIES

Share it