ernakulam local

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വീട് തകര്‍ന്നു

കോതമംഗലം:  കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി കോതമംഗലത്ത് പുന്നേക്കാടിനു സമീപം വീട് തകര്‍ന്നു. വീട്ടുടമ തലനാരിഴക്ക് പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അപകടത്തിനു കാരണം വനം വകുപ്പിന്റെ അനാസ്ഥയെന്നാണ് ആരോപണം.
പുന്നേക്കാട് വെള്ളംകെട്ട് ചാലില്‍ താമസിക്കുന്ന കൈതപ്പാറ ഏലിയാസിന്റെ വീടാണ് കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് തകര്‍ന്നത്. വീട്ടുടമ ഏലിയാസ് വീട്ടിലുള്ളപ്പോഴാണ് വനം വകുപ്പിന്റെ അധീനതയിലുള്ള അഞ്ചോളം മരങ്ങള്‍ കാറ്റത്ത് കടപുഴകിയത്. കൂലിപ്പണിക്കാരനായ ഏലിയാസിന്റ വീട് പൂര്‍ണമായും തകര്‍ന്നു. പുന്നേക്കാടുള്ള മാഞ്ചിയം പ്ലാന്റേഷനിലെ മരങ്ങള്‍ വെട്ടി നീക്കുന്ന ജോലികള്‍ നടന്നുവരികയാണ്. ഏലിയാസിന്റെ വീടിനോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിച്ചു നീക്കാതെ മറ്റ് മരങ്ങള്‍ മുറിച്ചു നീക്കിയതിനാല്‍ ഈ മരങ്ങള്‍ക്ക് എളുപ്പത്തില്‍ കാറ്റ് പിടിക്കുകയും തുടര്‍ന്ന് കടപുഴകി വീഴുകയുമായിരുന്നു. വെള്ളംകെട്ട്ചാല്‍ എന്ന ഈ പ്രദേശത്ത് 11 ഓളം വീടുകളാണ് ഉള്ളത്. ഈ വീടുകളുടെ സമീപത്തെല്ലാം മാഞ്ചിയം മരങ്ങള്‍ കൂട്ടമായി നില്‍ക്കുന്നുണ്ട്. ഇവ ഏതു നിമിഷവും കടപുഴകി മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്.
ഏലിയാസിന്റെ വീടിന്റെ മുന്‍വശം ഭൂതത്താന്‍കെട്ട് ഡാമിന്റെ വെള്ളം കയറി കിടക്കുന്ന സ്ഥലവും പുറകില്‍ വനം വകുപ്പിന്റെ മാഞ്ചിയം പ്ലാന്റേഷനുമാണ് ഉള്ളത്. തലമുറകളായി ഇവിടെ താമസിച്ചു വരുന്ന ഏലിയാസിന് ഇതുവരെ കൈവശരേഖ പോലും അധികൃതര്‍ നല്‍കിയിട്ടില്ല. പുറമ്പോക്കില്‍ ഭാര്യ ഷീജയോടൊപ്പം കഴിയുന്ന ഏലിയാസിന് വീട് തകര്‍ന്നതോടെ കിടപ്പാടം തേടി അലയേണ്ട ഗതികേടാണ് ഉണ്ടായിരിക്കുന്നത്. വീട് തകര്‍ന്നതിന് നഷ്ടപരിഹാരവും സ്ഥലത്തിന് കൈവശരേഖയും ലഭിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ഏലിയാസ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it