Flash News

ശക്തമായ ഇടിമിന്നലിന് സാധ്യത: ജനങ്ങള്‍ ജാഗ്രത പാലിക്കണം

പത്തനംതിട്ട: സംസ്ഥാനത്ത് കാലവര്‍ഷത്തിന് മുന്നോടിയായുള്ള ഇടിമിന്നല്‍ ശക്തിപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ ലഘൂകരിക്കുന്നതിന് പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
മിന്നല്‍ ഉണ്ടാവുന്ന സമയത്ത് തുറസ്സായ സ്ഥലങ്ങള്‍, മതിയായ സുരക്ഷാ കവചമില്ലാത്ത കളപ്പുരകള്‍, ചെറിയ കുടിലുകള്‍, ചെറു കെട്ടിടങ്ങള്‍, നിരീക്ഷണ ടവറുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സുരക്ഷാ കവചമില്ലാത്ത വൈദ്യുത ലൈനുകള്‍, ലോഹഘടനകള്‍ എന്നിവയുടെ സമീപത്തും നില്‍ക്കരുത്. കൊടിമരം, ടിവി ആന്റിനയുടെ പൈപ്പ്, കുത്തനെയുള്ള ലോഹ പൈപ്പുകള്‍ എന്നിവയുടെ സമീപ സ്ഥലങ്ങളും അപകടകരങ്ങളാണ്. ലോഹങ്ങളോ, ലോഹവയര്‍ കൊണ്ടോ നിര്‍മിച്ച വേലികള്‍, കൈവരികള്‍ എന്നിവയുമായി ചേര്‍ന്ന് നില്‍ക്കരുത്. സൈക്കിള്‍, മോട്ടോര്‍ സൈക്കിള്‍, ഓപണ്‍ ട്രാക്ടര്‍ ഇവ ഓടിക്കുന്നത് അപകടകരമാണ്. കോടാലി, പിക്കാസ്, കുട, ലോഹ കസേരകള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. അരിവാള്‍, കത്തി, കുട, ഗോള്‍ഫ് സ്റ്റിക്ക് തുടങ്ങിയ ലോഹനിര്‍മിതമായ സാധനങ്ങളുടെ സാമീപ്യം ഒഴിവാക്കുക. ലോഹപ്രതലങ്ങളുള്ള വാഹനങ്ങള്‍, കൂരയും ഷീറ്റും ലോഹ ഷീറ്റുകൊണ്ട് മൂടിയതും ജോയിന്റുകള്‍ ചാലകപ്രതലം ഉറപ്പാക്കുന്ന തരത്തില്‍ വൈദ്യുത ശൃംഖലയുമായി ബന്ധിപ്പിച്ച കെട്ടിടങ്ങള്‍, സ്റ്റീല്‍ ഫ്രെയിമുള്ള കെട്ടിടങ്ങള്‍ എന്നിവ താരതമ്യേന സുരക്ഷിതമാണ്. വലുതും ചെറുതുമായ കെട്ടിടങ്ങളുടെ ഉള്‍ഭാഗവും ഒരുപരിധിവരെ സംരക്ഷണം നല്‍കും.
ഒരു പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ വസ്തുക്കളിലാണ് മിന്നല്‍ കൂടുതലായി പതിക്കുന്നത്. അതിനാല്‍ മിന്നല്‍ ഉണ്ടാവുമ്പോള്‍ കുന്നിന്‍മുകളിലും തുറസ്സായ സ്ഥലത്തും നില്‍ക്കുന്ന ഒറ്റപ്പെട്ട മരത്തിന്റെ അടിയില്‍ ഒരു കാരണവശാലും നില്‍ക്കരുത്. മരത്തിന്റെ ഉയരം കൂടുന്തോറും അപകടസാധ്യത കൂടും.  ഈ സാഹചര്യത്തില്‍ പരമാവധി മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് അപകടസാധ്യതകളെ കുറയ്ക്കുമെന്ന് ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
Next Story

RELATED STORIES

Share it