Flash News

ശംസുദ്ദീന്‍ പാലത്തിന്റെ അറസ്റ്റ് : ഇരട്ടനീതിയെന്ന് ഇ ടി



കോഴിക്കോട്: ഉംറ നിര്‍വഹിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി പോകാനൊരുങ്ങവെ പോലിസ് അറസ്റ്റ്് ചെയ്ത് ജയിലിലടച്ച മുജാഹിദ് പ്രഭാഷകന്‍ ശംസുദ്ദീന്‍ പാലത്തിന്റെ അറസ്റ്റ് ഇരട്ട നീതിയാണെന്ന് മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ശംസുദ്ദീന്‍ പാലത്തിനെതിരേ ജാമ്യമില്ലാ വകുപ്പെടുത്ത് കേസെടുത്തപ്പോള്‍ ഇപ്പോഴും അന്യമത വിദ്വേഷം പരത്തി പ്രസംഗിച്ചും പ്രവര്‍ത്തിച്ചും നടക്കുന്ന ശശികലയ്‌ക്കെതിരേ നിസ്സാര വകുപ്പെടുത്താണ് കേസെടുത്തതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു. കേരള സര്‍ക്കാര്‍ ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ഇ ടി മുഹമ്മദ് ബഷീര്‍ ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധാഗ്നി ഉയരട്ടെ, അവസാനം അവര്‍ നമ്മെളെയും തേടി വരും, അപ്പോള്‍ നമുക്ക് വേണ്ടി പറയാന്‍ ആരുമുണ്ടാവില്ല എന്ന ആമുഖത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഇരട്ടനീതി ഇടതു സര്‍ക്കാരിന്റെ മുഖമുദ്രയോ? മതസ്പര്‍ദ വളര്‍ത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ശശികലയ്‌ക്കെതിരേ നിസ്സാര വകുപ്പ് ചുമത്തിയപ്പോള്‍  ശംസുദ്ദീന്‍ പാലത്തിനെ  ഉംറ നിര്‍വഹിക്കാന്‍ പോവുമ്പോഴാണ് പോലിസ് പിടികൂടി 14 ദിവസത്തേക്ക് റിമാന്‍ഡ്് ചെയ്തത്. അതേസമയം, ശശികല  ഇപ്പോഴും അന്യമത വിദ്വേഷം പരത്തി പ്രസംഗിച്ചും പ്രവര്‍ത്തിച്ചും നടക്കുന്നു.  ജാതിയോ മതമോ നോക്കാതെ നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണന്ന് ഉറപ്പ് നല്‍കുന്ന ഭരണഘടനയുള്ള നാട്ടിലാണ് കേരളാ സര്‍ക്കാരിന്റെ ഇരട്ടനീതി നമ്മള്‍ കാണുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
Next Story

RELATED STORIES

Share it