palakkad local

ശംഖുവാര്‍മേടില്‍  മാലിന്യ നീക്കം നിലച്ചിട്ട് മാസങ്ങള്‍

പാലക്കാട്: നഗരസഭയിലെ സമീപവാര്‍ഡുകളില്‍ നിന്നെല്ലാം മാലിന്യം യഥാസമയം നീക്കം ചെയ്യുമ്പോള്‍ നാലാം വാര്‍ഡിലെ ശംഖുവാര്‍മേട് പ്രദേശത്തെ മാത്രം അവഗണിക്കുന്നതായി പരാതി. പാലക്കാട് നഗരസഭയിലെ സാധാരണക്കാര്‍ താമസിക്കുന്ന ശംഖുവാര്‍മേട് പ്രദേശമാണ് നഗരസഭയുടെ നിരന്തര അവഗണനയ്ക്ക് വിധേയമാവുന്നത്.  തൊട്ടടുത്ത വാര്‍ഡായ കല്‍പ്പാത്തിയില്‍ സ്വഛ്ഭാരത് പദ്ധതിയുടെ ഭാഗമായി എല്ലാ ദിവസവും ഓടകളില്‍ നിന്നും മാലിന്യം നീക്കം ചെയ്യാറുണ്ട്. ശംഖുവാര്‍മേട് പ്രദേശത്തിനു സമീപമുള്ള ഇതേ വാര്‍ഡില്‍പ്പെട്ട അയ്യപുരം, വിദ്യുത് നഗര്‍, ശാസ്താപുരി, എന്നീ പ്രദേശങ്ങളിലും കൃത്യമായി മാലിന്യം നീക്കം ചെയ്യാറുണ്ട്. എന്നാല്‍ ഇവിടെയെല്ലാം എത്തുന്ന മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള നഗരസഭാ ജീവനക്കാരും വാഹനങ്ങളും ശംഖുവാര്‍മേട് പ്രദേശത്തേക്ക് എത്താറില്ല. ഇപ്പോള്‍ രണ്ടുമാസത്തോളമായി ഇവിടെ മാലിന്യം നീക്കം ചെയ്യാതെ കെട്ടിക്കിടക്കുകയാണ്. പ്രദേശത്തെ അഴുക്കുചാലുകളിലും മാലിന്യം നിറഞ്ഞു കൊതുകുകള്‍ പെറ്റു പെരുകിയിരിക്കുന്നത് പ്രദേശവാസികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.       നഗരത്തില്‍ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. കഴിഞ്ഞ ഭരണകാലത്തും ഈ കൗണ്‍സിലിലും ബിജെപിയുടെ കൗണ്‍സിലര്‍മാരായിരുന്നു ഈ പ്രദേശത്തു നിന്നും വിജയിച്ചത്. ശംഖുവാര്‍മേട് പ്രദേശം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാല്‍ മനപൂര്‍വ്വം അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. വാര്‍ഡിനോടുള്ള നിരന്തര അവഗണനക്കെതിരേ അധികൃതര്‍ക്കു പരാതി നല്‍കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
Next Story

RELATED STORIES

Share it