Flash News

വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയപെരുന്നാള്‍

 കണ്ണൂര്‍: വ്രതത്തിന്റെയും വിശ്വാസത്തിന്റെയും പകലിരവുകള്‍ താണ്ടിയ ആത്മീയ ചൈതന്യവുമായി വിശ്വാസികള്‍ക്ക് ഇന്ന് ഈദുല്‍ ഫിത്വര്‍. വിശുദ്ധറമദാന്‍ 30 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണു ചെറിയ പെരുന്നാള്‍ ആഘോഷം. ശവ്വാല്‍ പിറന്നതോടെ നാടെങ്ങും ഈദ് ആഘോഷത്തിലാണ്. പുതുവസ്ത്രമണിഞ്ഞും അത്തര്‍ പൂശിയും തക്ബീര്‍ ധ്വനികളുമായി ഈദ്ഗാഹുകളിലേക്കും നമസ്‌കാര പള്ളികളിലേക്കും വിശ്വാസികള്‍ നിറഞ്ഞൊഴുകും. പ്രത്യേക പ്രാര്‍ഥന നിര്‍വഹിച്ച ശേഷം വിശ്വാസികള്‍ പരസ്പരം ആശംസകള്‍ കൈമാറും. പ്രവാചക അധ്യാപനങ്ങള്‍ മുറുകെപ്പിടിച്ച് മാനുഷിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ദൈവഭയം ഉള്‍ക്കൊണ്ട് ജീവിക്കാനും ഖത്തീബുമാര്‍ പെരുന്നാള്‍ പ്രഭാഷണത്തില്‍ ഉദ്‌ബോധിപ്പിക്കും. നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്. മൈലാഞ്ചി മൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറംപകരും. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് സന്തോഷം പങ്കുവയ്ക്കും. അയല്‍ക്കാരന്‍ പട്ടിണിയിലല്ലെന്ന് ഉറപ്പുവരുത്തല്‍ കൂടിയാണ് ഈദുല്‍ ഫിത്വര്‍. ഈദുല്‍ ഫിത്വര്‍ എന്നാല്‍ ഭക്ഷണത്തിന്റെ പെരുന്നാള്‍ എന്നാണ് അര്‍ഥം. അയല്‍ക്കാര്‍ ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണു ഫിത്വര്‍ സക്കാത്തു നല്‍കുന്നത്. പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ സംഘടനകളും ക്ലബ്ബുകളും സൗഹൃദ സംഗമങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it