വ്യോമാക്രമണം: സിറിയയില്‍ 50ലധികം പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയില്‍ പ്രക്ഷോഭകാരികളുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബിലെ രണ്ടു കമ്പോളങ്ങള്‍ക്കു നേരെ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 50ലധികം സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു.
സിറിയയുടെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ നടന്ന ആക്രമണം ഫെബ്രുവരി അവസാനം വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ച ശേഷമുള്ള ഏറ്റവും വലിയതാണെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡയറക്ടര്‍ റാമി അബ്ദുറഹ്മാന്‍ പറഞ്ഞു.
വ്യോമാക്രമണം നടത്തിയത് സിറിയന്‍ സേനയാണോ റഷ്യന്‍ സേനയാണോ എന്ന് വ്യക്തമായിട്ടില്ല. സ്‌ഫോടനത്തില്‍ മാറത് അല്‍ നുമാന്‍ പട്ടണത്തില്‍ 40 പേരും കഫ്ര്‍ നുബ്ല്‍ പട്ടണത്തില്‍ 10 പേരുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ അഞ്ചുപേര്‍ കുട്ടികളാണ്. പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചയോടെയാണ് മാറത് അല്‍ നുമാനിലെ പച്ചക്കറിക്കമ്പോളത്തില്‍ സ്‌ഫോടനമുണ്ടായത്. ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ കഫ്ര്‍ നുബ്ല്‍ കമ്പോളത്തിലും സ്‌ഫോടനം നടന്നു.
സിറിയന്‍ വിഷയത്തില്‍ ജനീവയില്‍ തുടരുന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തങ്ങള്‍ പുറപ്പെടുന്നതിനിടെയാണ് ആക്രമണമെന്ന് പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. ജനീവ ചര്‍ച്ചയില്‍ കാര്യമായ പുരോഗതികള്‍ ഉണ്ടാവാത്ത സാഹചര്യത്തിലാണ് പ്രതിനിധികളെ അയക്കാന്‍ തീരുമാനിച്ചതെന്നും പ്രതിപക്ഷ ഉന്നത ചര്‍ച്ചാസമിതി (എച്ച്എന്‍സി) പ്രതിനിധികള്‍ അറിയിച്ചു. പ്രക്ഷോഭ മേഖലകളില്‍ ബോംബാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രതിനിധിസംഘത്തെ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കയക്കുമെന്ന് എച്ച്എന്‍സി നേതാവ് റിയാബ് ഹിജാബ് നേരത്തേ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it