World

വ്യോമാക്രമണം തുടരുന്നു; മരണം 500 കവിഞ്ഞു

ദമസ്‌കസ്: സിറിയയിലെ കിഴക്കന്‍ ഗൂത്തയില്‍ സൈനിക നടപടിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 500ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷകസംഘം. കൊല്ലപ്പെട്ടവരില്‍ 121 കുട്ടികളും ഉള്‍പ്പെടുന്നു. പ്രദേശത്ത് റഷ്യ-സിറിയ സൈനിക സഖ്യത്തിന്റെ ആക്രമണം തുടരുകയാണ്. കിഴക്കന്‍ ഗൂത്തയില്‍ ഇന്നലെയുണ്ടായ വ്യോമാക്രമണങ്ങളില്‍ 21 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും നിരീക്ഷകസംഘം വ്യക്തമാക്കി.
സിറിയയില്‍ 30 ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനുള്ള യുഎന്‍ രക്ഷാസമിതി വോട്ടെടുപ്പ് കഴിഞ്ഞ ദിവസം നീട്ടിവച്ചിരുന്നു. വെള്ളിയാഴ്ച രാത്രി നടത്താനിരുന്ന വോട്ടെടുപ്പ് പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടെ ആരംഭിക്കുന്ന തരത്തിലാണു നീട്ടിവച്ചത്. കരാറില്‍ റഷ്യയുമായി ധാരണയിലെത്തുന്നതില്‍ മറ്റു രക്ഷാസമിതി അംഗങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വോട്ടെടുപ്പ് നീട്ടിയത്. സമിതിയിലെ താല്‍ക്കാലിക അംഗങ്ങളായ കുവൈത്തും സ്വീഡനുമാണ് വെടിനിര്‍ത്തല്‍ കരാറിനായുള്ള കരട് പ്രമേയം അവതരിപ്പിച്ചത്. സിറിയയിലെ ബശ്ശാറുല്‍ അസദ് സര്‍ക്കാരിന്റെ സഖ്യകക്ഷിയായ റഷ്യ കരാറിനോടു  എതിര്‍പ്പ് അറിയിച്ചിരുന്നു. നേരത്തേ സിറിയയുമായി ബന്ധപ്പെട്ട 11 കരട് പ്രമേയങ്ങളെ റഷ്യ വീറ്റോ ചെയ്തിരുന്നു. സിറിയയിലെ രാസായുധ ആക്രമണത്തില്‍ യുഎന്‍ നേതൃത്വത്തിലുള്ള അന്വേഷണത്തിനെതിരേയും കഴിഞ്ഞ നവംബറില്‍ റഷ്യ വീറ്റോ അധികാരം പ്രയോഗിച്ചിരുന്നു.
സൈന്യത്തിന്റെ ആക്രമണങ്ങളില്‍ കിഴക്കന്‍ ഗൂത്തയില്‍ ഒരാഴ്ചയ്ക്കിടെ 2330 സാധാരണക്കാര്‍ക്കു പരിക്കേറ്റതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷകസംഘം അറിയിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. നാലു ലക്ഷത്തോളമാണ് സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിന്റെ സമീപ മേഖലയായ കിഴക്കന്‍ ഗൂത്തയിലെ ജനസംഖ്യ. വിമത നിയന്ത്രണത്തിലുള്ള പ്രദേശത്ത് 2013 മുതല്‍ സിറിയന്‍ സേനയുടെ  ഉപരോധം തുടരുകയാണ്.
Next Story

RELATED STORIES

Share it