wayanad local

വ്യോമസേനാ റിക്രൂട്ടിങ് രീതി മാറുന്നു

കല്‍പ്പറ്റ: ഇന്ത്യന്‍ വ്യോമസേനയില്‍ ചേരാന്‍ ഇനി ഓണ്‍ലൈന്‍ വഴി അപക്ഷേ സമര്‍പ്പിക്കാം. ഇതാദ്യമായാണ് ഉദ്യോഗാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ രീതിയിലുള്ള റിക്രൂട്ടിങ് ശൈലിയിലേക്ക് സേന മാറുന്നത്. പിഎസ്‌സി അപേക്ഷ സമര്‍പ്പിക്കുന്നതിനു തുല്യമായാണ് രജിസ്‌ട്രേഷന്‍. അപേക്ഷ സമര്‍പ്പിക്കല്‍ ഓണ്‍ലൈന്‍ വഴിയാവുന്നതോടെ യോഗ്യരായ കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സേനയില്‍ ചേരാന്‍ അവസരം ലഭിക്കും. ഓരോ തസ്തികയിലേക്കും വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോയും അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് അപ്‌ലോഡ് ചെയ്യണം. വിരലടയാളം, ഒപ്പ്, രക്ഷിതാവിന്റെ ഒപ്പ് എന്നിവയെല്ലാം രജിസ്‌ട്രേഷനായി അപ്‌ലോഡ് ചെയ്യണം. പരീക്ഷാ ഫീസ് രജിസ്‌ട്രേഷന്‍ സമയത്ത് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് എന്നീ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഓണ്‍ലൈനായി സമര്‍പ്പിക്കാം. അഡ്മിഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്താണ് പരീക്ഷയ്ക്ക് ഉദ്യോഗാര്‍ഥികള്‍ ഹാജരാവേണ്ടത്. ഓണ്‍ലൈന്‍ പരീക്ഷ പാസായവര്‍ക്കാണ് പിന്നീട് ശാരീരിക ക്ഷമതാ പരിശോധന നടത്തുക. മൂന്നാം ഘട്ടത്തില്‍ മെഡിക്കല്‍ ടെസ്റ്റും നടത്തും. ഗ്രൂപ്പ് എക്‌സ്, ഗ്രൂപ്പ് വൈ ട്രേഡുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ സ്വീകരിക്കുന്നത്. 2017 ഡിസംബര്‍ 15നും 2018 ജനുവരി 12നുമിടയില്‍ അപേക്ഷിക്കാം. അപേക്ഷകര്‍ 1998 ജനുവരി 13നും 2002 ജനുവരി രണ്ടിനുമിടയില്‍ ജനിച്ചവരായിരിക്കണം. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അപേക്ഷിക്കുന്നവര്‍ക്കുള്ള സെലക്ഷന്‍ ടെസ്റ്റ് അടുത്ത വര്‍ഷം മാര്‍ച്ച് 10, 11 തിയ്യതികളില്‍ നടക്കും. ഓണ്‍ലൈനില്‍ കൂടിയുള്ള അപേക്ഷ മാത്രമാണ് പരിഗണിക്കുകയെന്നു വാറന്റ് ഓഫിസര്‍ ജി സി മൊഹന്ത അറിയിച്ചു. രണ്ടു ഘട്ടങ്ങളായാണ് പരീക്ഷ നടത്തുക.
Next Story

RELATED STORIES

Share it