വ്യോമസേനാ ഉപമേധാവിയെ സിബിഐ ചോദ്യംചെയ്തു

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതി അന്വേഷിക്കുന്ന സിബിഐ, മുന്‍ വ്യോമസേനാ ഉപമേധാവി എയര്‍ മാര്‍ഷല്‍ ജെ എസ് ഗുജ്‌റാളിനെ ചോദ്യംചെയ്തു. ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തായിരുന്നു മൊഴിയെടുക്കല്‍. വാങ്ങാനുദ്ദേശിക്കുന്ന കോപ്റ്ററിന്റെ വിശദാംശങ്ങളില്‍ മാറ്റം വരുത്തിയ 2005ലെ സുപ്രധാന യോഗത്തില്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗിക്കും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ഗുജ്‌റാളും പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്‌ലാന്റിന് കരാര്‍ ലഭിക്കുന്നത്.
വ്യോമസേനാ മുന്‍ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എസ് പി ത്യാഗിക്ക് തിങ്കളാഴ്ച ഹാജരാവാന്‍ സിബിഐ നോട്ടീസ് നല്‍കി. ത്യാഗിയെയും ഗുജ്‌റാളിനെയും 2013ല്‍ സിബിഐ ചോദ്യംചെയ്തിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ ഏഴിനുണ്ടായ ഇറ്റാലിയന്‍ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇവരെ വീണ്ടും ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. ഇടപാടില്‍ ത്യാഗി സാമ്പത്തികനേട്ടമുണ്ടാക്കിയെന്നാണ് ഇറ്റാലിയന്‍ കോടതിയുടെ കണ്ടെത്തല്‍. നേരത്തേ സാക്ഷിയെന്ന നിലയിലാണ് ഗുജ്‌റാളില്‍നിന്ന് മൊഴിയെടുത്തത്. ത്യാഗി ഉള്‍പ്പെടെ 14 പേര്‍ക്കെതിരേ സിബിഐ കേസുണ്ട്. ഹെലികോപ്റ്ററുകള്‍ക്ക് ഉണ്ടായിരിക്കേണ്ട പറക്കല്‍ശേഷി നേരത്തേ നിശ്ചയിച്ചിരുന്ന 6,000 മീറ്റര്‍ ഉയരം എന്നതില്‍നിന്ന് അഗസ്ത വെസ്റ്റ്‌ലാന്റിന് കൂടി ടെന്‍ഡറില്‍ പങ്കെടുക്കാന്‍ വേണ്ടി 4,500 മീറ്റര്‍ എന്നാക്കി മാറ്റിയെന്നാണ് ത്യാഗിക്കെതിരായ ആരോപണം.
എന്നാല്‍, സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ (എസ്പിജി) മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അന്നത്തെ പ്രധാനമന്ത്രിയുടെ ഓഫിസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് ഹെലികോപ്റ്ററുകളുടെ പറക്കല്‍ശേഷി കുറയ്ക്കാന്‍ വ്യോമസേനാ നേതൃത്വം തീരുമാനിച്ചതെന്നാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it