wayanad local

വ്യാവസായികാവശ്യങ്ങള്‍ക്ക് കുഴല്‍ക്കിണര്‍ നിര്‍മാണം; നിയന്ത്രിക്കാന്‍ സംവിധാനമില്ല

മാനന്തവാടി: വ്യാവസായികാവശ്യങ്ങള്‍ക്ക് പോലും നിയന്ത്രണങ്ങളില്ലാതെയുള്ള കുഴല്‍ക്കിണര്‍ നിര്‍മാണം തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യമുയരുന്നു. ജില്ലയില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വരള്‍ച്ച രൂക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ അന്യജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി വന്‍കിട റിസോര്‍ട്ടുകളിലുള്‍പ്പെടെ കുഴല്‍ക്കിണര്‍ നിര്‍മാണം വ്യാപകമാവുകയാണ്.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കുഴല്‍ക്കിണര്‍ ലോബികളും സജീവം. ജില്ലയില്‍ വര്‍ഷത്തില്‍ 75 മുതല്‍ 80 വരെ കുഴല്‍ക്കിണറുകളാണ് കുഴിച്ചുനല്‍കുന്നത്. നിലവില്‍ 2010ല്‍ ലഭിച്ച അപേക്ഷകര്‍ക്കാണ് ഇപ്പോള്‍ ഭൂജലവകുപ്പ് കിണര്‍ കുഴിക്കുന്നത്.
ഭൂജലവകുപ്പ് കുഴല്‍ക്കിണര്‍ നിര്‍മിക്കുമ്പോള്‍ 90 മീറ്റര്‍ ആഴത്തില്‍ കുഴിക്കുന്നതിന് 35,000 രൂപയോളമാണ് ഫീസ്. നാമമാത്ര കര്‍ഷകര്‍ക്ക് വേറെയും ഇളവുകള്‍ ലഭിക്കും. എന്നാല്‍, കൃഷി ആവശ്യം കാണിച്ച് നടത്തുന്ന കുഴല്‍ക്കിണര്‍ നിര്‍മാണത്തിലൂടെ സബ്‌സിഡി കൈക്കലാക്കിയ ശേഷം വെള്ളം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായും പറയപ്പെടുന്നു.
എന്നാല്‍, ജില്ലയില്‍ ഭൂജലവകുപ്പ് നിര്‍മിക്കുന്ന കിണറിന്റെ അഞ്ചിരട്ടിയോളം സ്വകാര്യ ലോബികള്‍ നിര്‍മിക്കുന്നുണ്ടെന്നാണ് സൂചന. ഇത്തരം കുഴല്‍ക്കിണറുകളെക്കുറിച്ചുള്ള യാതൊരു കണക്കുകളും ഭൂജലവകുപ്പിന്റെ കൈവശമില്ല.
ഗാര്‍ഹികാവശ്യത്തിന് പുറമെ വ്യാപാര ആവശ്യങ്ങള്‍ക്കും വ്യാവസായികാവശ്യങ്ങള്‍ക്കും വരെ കുന്നിലും മലയിലും കുഴല്‍കിണറുകള്‍ നിര്‍മിക്കുന്നുണ്ട്. കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ സുപ്രിംകോടതി പുറപ്പെടുവിച്ചിരുന്നെങ്കിലും കേരളത്തില്‍ നടപ്പായിട്ടില്ല.
നിലവില്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴിയുള്ള കുഴല്‍ക്കിണര്‍ നിര്‍മാണം പരിശോധിക്കാന്‍ മാത്രമാണ് ജില്ലയില്‍ സംവിധാനമുള്ളത്. ഇതിനുതന്നെ ഒരു ജീവനക്കാരന്‍ മാത്രമാണുള്ളത്. ജില്ലയിലെ 45 കിണറുകളില്‍ നിന്നും മാസംതോറും സാംപിള്‍ ശേഖരിച്ചാണ് ഭൂഗര്‍ഭജലത്തിന്റെ അളവ് കണക്കാക്കുന്നത്. ക്രിട്ടിക്കല്‍, സെമി ക്രിട്ടിക്കല്‍, ഓവര്‍ എക്‌സ്‌പ്ലോസീവ് എന്നീ മൂന്നു മേഖലകളിലായി തിരിച്ചാണ് ഭൂഗര്‍ഭജല പരിശോധന. ഇതു പ്രകാരം പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലകള്‍ സെമി ക്രിട്ടിക്കല്‍ മേഖലയിലാണുള്ളത്.
ഭൂജലവകുപ്പില്‍ കൃത്യമായ പരിശോധനകള്‍ നടത്താന്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ജലചൂഷണം തടയാന്‍ മാര്‍ഗനിര്‍ദേശമില്ലാത്തതുമാണ് വിനയാവുന്നത്.
തണ്ണീര്‍ത്തടങ്ങള്‍ അനിയന്ത്രിതമായി മണ്ണിട്ടു മൂടി ജലസ്രോതസ്സുകള്‍ അടഞ്ഞതോടെ ഭൂഗര്‍ഭജലവും ഊറ്റിയെടുത്ത് കച്ചവടമാക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം വരുംനാളുകളില്‍ ഉയര്‍ന്നുവരും.
Next Story

RELATED STORIES

Share it