Business

വ്യാപാര സൗഹൃദത്തില്‍ രാജ്യം താഴേതട്ടില്‍

ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാന്റ് അപ്പ് ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ തുടങ്ങിയ പ്രചാരവേലയ്ക്കുതകുന്ന പ്രഖ്യാപനങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്ന ഭരണകൂടം പഴയ ലൈസന്‍സ് രാജിന്റെ കെട്ടിക്കുടുക്കുകള്‍ വെട്ടിത്തുറക്കുന്നതില്‍ ഇപ്പോഴും പിന്നില്‍. വ്യാപാര സൗഹൃദത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ 178ാം സ്ഥാനത്താണെന്ന് ലോകബാങ്ക്.
സങ്കീര്‍ണമായ ബ്യൂറോക്രസിയും ഒച്ചിന്റെ വേഗത്തില്‍ നീങ്ങുന്ന ജുഡീഷ്യറിയും അവ്യക്തമായ നിയമങ്ങളും കാരണം ഒരു സംരംഭം തുടങ്ങുന്നതിന് അനുമതി കിട്ടുന്നതിന് ഇപ്പോഴും മാസങ്ങളും വര്‍ഷങ്ങളും കാത്തിരിക്കണം. കരാറുകള്‍ നടപ്പാക്കുന്നതിലും കോര്‍പറേറ്റ് കമ്പനികളിലെ ഓഹരിയുടമകളെ സംരക്ഷിക്കുന്നതിലും രാജ്യം പിന്നിലാണ്.
വിജയ് മല്യയുടെ പലായനം പൊതുമേഖലാ ബാങ്കുകളും ഉന്നത ബ്യൂറോക്രസിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണെന്നു വ്യക്തമാക്കുന്നു. കെടുകാര്യസ്ഥതയ്ക്കു പേരുകേട്ട എയര്‍ ഇന്ത്യ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനു വരെ ധനമന്ത്രാലയം തയ്യാറാവുന്നില്ല. നികുതി പിരിവ് മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ പത്തുശതമാനം മാത്രമാണ്.
ചരക്കു സേവന നികുതി ബില്ല് പാര്‍ലമെന്റ് പാസാക്കുന്നതിനു പ്രധാനകാരണം ബിജെപിയുടെ മുന്‍കാല പെരുമാറ്റമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ബില്ലുകള്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നതിനു പകരം സഭാനടപടികള്‍ തടസ്സപ്പെടുത്താനാണ് യുപിഎ ഭരണകാലത്ത് ബിജെപി ശ്രമിച്ചത്. ഇപ്പോള്‍ കോണ്‍ഗ്രസ്സും മറ്റു കക്ഷികളും ആ തന്ത്രം തന്നെയാണു പയറ്റുന്നത്.
മോഡിയുടെ വ്യക്തിപരമായ കീര്‍ത്തി വര്‍ധിപ്പിക്കുന്നതിനു പറ്റിയ ബാഹ്യമോടിയുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ കവിഞ്ഞ സാമ്പത്തികരംഗത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഭരണകൂടം കാര്യമായ ശ്രദ്ധ പതിക്കുന്നില്ലെന്ന് ധനശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 7.6 ശതമാനം വളര്‍ച്ചനിരക്കു തന്നെ തെറ്റായ കണക്കുകളെ ആസ്പദമാക്കിയാണെന്ന് ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് റിസര്‍ച്ചിലെ ആര്‍ നാഗരാജ് ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it