Agriculture

വ്യാപാര മഹോല്‍സവത്തിന് കൊല്ലത്ത് തുടക്കം

കൊല്ലം: കേരളത്തിന്റെ വ്യാപാരോല്‍സവമായ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണ്‍ ഒമ്പത് കൊല്ലം കന്റോണ്‍മെന്റ് മൈതാനത്ത് മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഓരോ സീസണും വ്യത്യസ്തമായ പദ്ധതികള്‍കൊണ്ട് പുതിയ അനുഭവമാവുകയാണെന്ന് മുഖ്യന്ത്രി പറഞ്ഞു.
ഈ വര്‍ഷം മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള കരുതല്‍ അവര്‍ക്കായി നമുക്കും വാങ്ങാം പദ്ധതിയിലൂടെ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ശ്രദ്ധേയമാവുകയാണ്. എല്ലാ വ്യാപാര സംഘടനകളെയും ഒന്നിച്ച് അണിനിരത്തുന്ന ഷോപ്പിങ് ഫെസ്റ്റിവല്‍ സംസ്ഥാനത്ത് ആകെ ഉല്‍സവാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം വകുപ്പിന്റെ വിസിറ്റ് കേരള- 2015 പരിപാടിയുമായി സംയോജിപ്പിച്ചാണ് ഇക്കുറി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവര്‍ക്കായി നമുക്കും വാങ്ങാം പദ്ധതിയില്‍ ഗവര്‍ണര്‍ പി സദാശിവം കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കായി വാങ്ങിനല്‍കിയ വസ്ത്രങ്ങള്‍ സന്നദ്ധ സംഘടനാ പ്രതിനിധി ഷീബ അമീറിന് ചടങ്ങില്‍ മുഖ്യമന്ത്രി കൈമാറി. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരാജ് വെഞ്ഞാറമൂട് അഗതികളായ അമ്മമാര്‍ക്ക് വാങ്ങി നല്‍കിയ വസ്ത്രങ്ങള്‍ മുഖ്യമന്ത്രി ഏറ്റുവാങ്ങി.
ഓണക്കാലത്തിന് പുറമേ സംസ്ഥാനത്ത് മറ്റൊരു വ്യാപാര സീസണ്‍ കൂടിയാണ് ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ഈ സമയത്ത് കേരളത്തിന്റെ ഉല്‍പന്നങ്ങള്‍ വിദേശികള്‍ക്ക് പരിചയപ്പെടുത്താന്‍ ഫെസ്റ്റിവല്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ജികെഎസ്എഫ് ഡയറക്ടര്‍ കെ എം അനില്‍ മുഹമ്മദ്, മേയര്‍ വി രാജേന്ദ്രബാബു, ടൂറിസം ഡയറക്ടര്‍ ഷെയ്ക് പരീത്, ടൂറിസം സെക്രട്ടറി കമല വി റാവു, കോര്‍പറേഷന്‍ കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, എ എ അസീസ് എംഎല്‍എ, ഡിടിപിസി സെക്രട്ടറി കെ പ്രസാദ്,
സ്‌പോണ്‍സര്‍ സംഘടനകളുടെ പ്രതിനിധികള്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിധുപ്രതാപ്, ദുര്‍ഗ വിശ്വനാഥ് എന്നിവര്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
Next Story

RELATED STORIES

Share it