വ്യാപാര കമ്മി കുറഞ്ഞു; വിദേശനാണ്യശേഖരം 351.5 ബില്യണ്‍ ഡോളര്‍

ന്യൂഡല്‍ഹി: 2015-16 സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജനുവരി കാലയളവില്‍ രാജ്യത്തിന്റെ വ്യാപാര കമ്മി 106.8 ബില്യണ്‍ ഡോളറായി കുറഞ്ഞെന്ന് സാമ്പത്തിക സര്‍വേ. 2014-15ല്‍ ഇതേ കാലയളവില്‍ 119.6 ബില്യണ്‍ ഡോളറായിരുന്നു വ്യാപാര കമ്മി. കയറ്റുമതിയിലെ മാന്ദ്യം കുറച്ചു നാള്‍കൂടി തുടര്‍ന്നശേഷം അടുത്ത സാമ്പത്തിക വര്‍ഷം സ്ഥിതി മെച്ചപ്പെടുമെന്ന് സര്‍വേ പറയുന്നു. കറന്റ് അക്കൗണ്ട് കമ്മി അതിന്റെ ഏറ്റവും കുറഞ്ഞ നിരക്കായ 1 മുതല്‍ 1.5 ശതമാനം വരെയാവും.
2016 ഫെബ്രുവരി 5ലെ കണക്ക് പ്രകാരം ഇന്ത്യയുടെ വിദേശ നാണ്യശേഖരം 351.5 ബില്യണ്‍ യുഎസ് ഡോളറാണ്.
2015-16 ഏപ്രില്‍-ജനുവരിയില്‍ രൂപയുടെ ശരാശരി വിനിമയ നിരക്ക് ഡോളര്‍ ഒന്നിന് 65.04 രൂപയായി കുറഞ്ഞു. 2014-15 (ഏപ്രില്‍-ജനുവരി)യുടെ വിനിമയ നിരക്ക് ഡോളര്‍ ഒന്നിന് 60.92 രൂപയായിരുന്നു.
വിദേശകടം 2014-15ല്‍ സുരക്ഷിത മേഖലയില്‍ തന്നെയായിരുന്നു. 2015-16ല്‍ നിര്‍മാണ മേഖലയുടെ മികച്ച പ്രകടനത്തിന്റെ വെളിച്ചത്തില്‍ വ്യാവസായിക രംഗം ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചു. മെയ്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്മാര്‍ട്ട് സിറ്റികള്‍, വ്യാപാരം ചെയ്യല്‍ സുഗമമാക്കല്‍ തുടങ്ങി നാഴികക്കല്ലുകളായി മാറിയ ഉദ്യമങ്ങളിലൂടെ വ്യാവസായിക മേഖല രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ മുഖ്യ ചാലക ശക്തിയായി മാറുമെന്നുറപ്പാണ്. ഈ ഉദ്യമങ്ങള്‍ അടിസ്ഥാന സൗകര്യമേഖലയിലും പരിവര്‍ത്തനം സാധ്യമാക്കിക്കൊണ്ട് ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കും. 2015-16ലെ സാമ്പത്തിക സര്‍വേ പ്രകാരം വ്യവസായ മേഖലയുടെ വളര്‍ച്ച 7.3 ശതമാനവും നിര്‍മാണ മേഖലയുടേത് 9.5 ശതമാനവുമായിരിക്കും.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പന്നത്തില്‍ 37.5 ശതമാനം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മേഖലയുടെതാണ്. 2014 സപ്തംബറില്‍ മെയ്ക് ഇന്‍ ഇന്ത്യ സംരംഭം നിലവില്‍ വന്നതിനുശേഷം 2015 ജൂണ്‍ വരെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഏകദേശം 40 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. വിദേശ നിക്ഷേപ രംഗത്ത് കൈക്കൊണ്ട പരിഷ്‌കാരങ്ങള്‍ വഴി ഇന്ത്യയിലേ—ക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് കൂടി. 2015 ഏപ്രില്‍-നവംബര്‍ കാലയളവില്‍ രാജ്യത്തേ—ക്കുള്ള മൊത്തം നേരിട്ടുളള വിദേശ നിക്ഷേപം 34.8 ബില്യണ്‍ ഡോളറായിരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 27.7 ബില്യണ്‍ ഡോളറായിരുന്നു.
Next Story

RELATED STORIES

Share it