palakkad local

വ്യാപാരി വ്യവസായി ഏകോപന സമിതി പിളര്‍പ്പിലേക്ക്

കെ സനൂപ്

പാലക്കാട്: സംസ്ഥാനത്തെ വ്യാപാരികളുടെ ശക്തമായ സംഘടനയായ വ്യാപാരി വ്യവസായി ഏകോപന സമിതി പിളര്‍പ്പിലേക്ക് നീങ്ങുന്നതായി വ്യക്തമായ സൂചന. സംസ്ഥാന പ്രസിഡന്റ് നസ്‌റുദീന്‍ നല്‍കിയ നിര്‍ദ്ദേശത്തിന് വിരുദ്ധമായി ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്ത് നീങ്ങുന്നതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതെന്നറിയുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് സംഘടനയെ പിളര്‍പ്പിലേക്ക് നയിക്കുന്നതെന്നാണറിയുന്നത്. കഴിഞ്ഞദിവസം പാലക്കാട്ട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പഠന ക്ലാസിനിടെ നസ്‌റുദീന്റെയും ജോബി വി ചുങ്കത്തിന്റെയും സാന്നിധ്യത്തില്‍ ഒരു സംഘം വ്യാപാരികള്‍ ക്ലാസ് തടസ്സപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സമവായമെന്ന നിലയില്‍ നിലവിലെ ജില്ലാ കമ്മിറ്റി മരവിപ്പിക്കാനും സംസ്ഥാന പ്രസിഡന്റ് നേരിട്ട് മേല്‍നോട്ടം വഹിക്കാനും ഇരുവിഭാഗത്തേയും ആറുപേരെ വീതം പങ്കെടുപ്പിച്ച് ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായിരുന്നു നസ്‌റുദീന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതെന്നാണ് അനൗദ്യോഗിക വിവരം.

എന്നാല്‍ പഠന ക്ലാസ് നടന്നെന്നും വിജയകരമായിരുന്നെന്നും കാണിച്ച് ജില്ലാ പ്രസിഡന്റുകൂടിയായ ജോബി വി ചുങ്കത്ത് മാധ്യമങ്ങളില്‍ പടം സഹിതം വാര്‍ത്ത നല്‍കിയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരാജയം ഉറപ്പായപ്പോള്‍ ജോബി വി ചുങ്കത്ത് പുതിയ സംഘടനകളേ കൂട്ടുപിടിച്ച് രണ്ട് ദിവസത്തിനുള്ളില്‍ നിരവധി അംഗങ്ങളെ ചേര്‍ത്ത് ഭൂരിപക്ഷം വര്‍ധിപ്പിക്കുകയും നിസാര വോട്ടുകള്‍ക്ക് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നുവെന്നുമാണ് ബാബു കോട്ടയിലിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം വ്യാപാരികള്‍ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് ജോബി വി ചുങ്കത്ത് പ്രസിഡന്റ് സ്ഥാനത്തെത്തിയതെന്നും ജില്ലാ കമ്മിറ്റിയെ അംഗീകരിക്കില്ലെന്നും ജില്ലാ കമ്മിറ്റി ഏതെന്ന് തീരുമാനമായ ശേഷം മതി പഠന ക്ലാസെന്നും പറഞ്ഞാണ് ബാബു കോട്ടയിലിനെ അനുകൂലിക്കുന്നവര്‍ കഴിഞ്ഞ ദിവസം നടന്ന പഠന ക്ലാസ് അലങ്കോലപ്പെടുത്തിയത്.

സംഘര്‍ഷത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ജോബി വി ചുങ്കത്തിന്റെ ഉടമസ്ഥതയിലുള്ള ജോബീസ് മാളിലെ ഫര്‍ണീച്ചറുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.പ്രതിസന്ധി രൂക്ഷമായതോടെ ജില്ലാ കമ്മിറ്റി പിരിച്ചുവിടാന്‍ നസ്‌റുദീന്‍ നിര്‍ദേശം നല്‍കിയതെന്നാണ് അനൗദ്യോഗിക വിവരം. എന്നാല്‍ നിര്‍ദേശം പാലിക്കാതെ ബാബുകോട്ടയില്‍ വിഭാഗത്തിന് മേല്‍ക്കൈയുള്ള പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് മേഖലകളില്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ജോബി വിഭാഗം നടത്തിയ നീക്കം മറുവിഭാഗം അറിയുകയും തടസ്സപ്പെടുത്തുമെന്നുമറിഞ്ഞതോടെ ജോബി വി ചുങ്കത്തിന്റെ നേതൃത്വത്തില്‍ പട്ടാമ്പിയിലേക്ക് തിരിച്ച സംഘം കുളപ്പുള്ളിയില്‍വെച്ച് യാത്ര അവസാനിപ്പിച്ച് തിരിച്ചുപോവുകയായിരുന്നുവെന്നും കോട്ടയില്‍ വിഭാഗം പറയുന്നു.

അതേസമയം പാലക്കാട്ട് ജോബി വി ചുങ്കത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗം പഠന ക്ലാസ് നടത്തുന്നതിന് മുമ്പ് ബാബുകോട്ടയിലിന്റെ നേതൃത്വത്തില്‍ അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം വിപുലമായ പഠന ക്ലാസ് സംഘടിപ്പിക്കുകയും നിരവധി വ്യാപാരികള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് ബദല്‍ രീതിയിലാണ് തൊട്ടടുത്ത ദിവസം പാലക്കാട്ട് നസ്‌റുദീന്റെ സാന്നിധ്യത്തില്‍ ജോബി വിഭാഗം പഠന ക്ലാസ് സംഘടിപ്പിച്ചത്. ഇരുവിഭാഗവും അങ്കം അവസാനിപ്പിക്കാതായതോടെ സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദ്ദേശവും അവഗണിച്ചതോടെ സംഘടന പിളര്‍പ്പിലേക്ക് നീങ്ങുന്നതായാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it