palakkad local

വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ പിളര്‍പ്പുണ്ടായിട്ടില്ലെന്ന് ഔദ്യോഗിക പക്ഷം



പാലക്കാട്: വ്യാപാരി വ്യവസായി ഏകോപനസമിതിയില്‍ പിളര്‍പ്പുണ്ടായിട്ടില്ലെന്ന് ഔദ്യോഗിക പക്ഷത്തിന്റെ വിശദീകരണം. സംഘടനയില്‍ നിന്നും അഴിമതിയാരോപണത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ജോബി വി ചുങ്കത്തിന്റെ കൂടെയുണ്ടെന്ന് അവകാശപ്പെടുന്ന വിരലില്‍ എണ്ണാവുന്ന ഏതാനും പേര്‍ യഥാര്‍ത്ഥ വ്യാപാരികളല്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ബാബു കോട്ടയില്‍ ശാഹുല്‍ ഹമീദ് എന്നിവര്‍ വ്യക്തമാക്കി. 2015ല്‍ സംഘടനാ തെരഞ്ഞെടുപ്പ് സമയത്ത് കൗണ്‍സിലര്‍മാരുടെ എണ്ണത്തില്‍ ക്രമക്കേട് കാണിച്ചാണ് ജോബി വി ചുങ്കത്ത് ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടത്. വ്യാപാരി വ്യവസായി ഏകോപന സമിതിയെ മറയാക്കി സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ജോബി നാളിതുവരേയും സംഘടനാവേദികളില്‍ വരവുചെലവ് റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ തയ്യാറാവാതിരുന്നതിന്റെ പേരില്‍ പ്രാദേശിക ഘടകങ്ങളില്‍ നിന്നുവരെ എതിര്‍പ്പുനേരിടുന്ന സാഹചര്യത്തിലാണ് ജോബിയെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് നേരിട്ടെത്തി സംഘടനയില്‍ നിന്നും നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചത്. മാജിക് അസോസിയേഷന്‍, ജെസിബി ഓണേഴ്‌സ് അസോസിയേഷന്‍, എര്‍ത്ത്മൂവേഴ്‌സ് അസോസിയേഷന്‍ എന്നിങ്ങനെ വ്യാപാരി സമൂഹവുമായി ബന്ധമില്ലാത്ത സംഘടനകളുടെ പ്രതിനിധികളെ വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ അംഗത്വം നല്‍കി കള്ളവോട്ടര്‍ പട്ടികയുണ്ടാക്കിയാണ് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിനെ ജോബി വി ചുങ്കത്ത് നേരിട്ടതെന്നും അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികള്‍ കൂടിയായ നേതാക്കള്‍ പറഞ്ഞു. ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ പാലക്കാട്, കോങ്ങാട്, ആലത്തൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, ചെയര്‍പ്പുളശ്ശേരി, ഷൊര്‍ണ്ണൂര്‍, വടക്കഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ മുഴുവന്‍ വ്യാപാരികളും സംഘടനയുടെ ഔദ്യോഗിക നേതൃത്വത്തിനു പിന്നില്‍ ഉറച്ചുനില്‍ക്കുന്നവരാണ്. തങ്ങളോടൊപ്പം 20,000 അംഗങ്ങള്‍ ഉള്ളപ്പോള്‍ വ്യാജ വ്യാപാരികളായി ജോബിയോടൊപ്പം ഉണ്ടെന്നു പറയുന്നവര്‍ നൂറില്‍ താഴെ ആളുകളാണെന്നും നേതാക്കള്‍ വ്യക്തമാക്കി. സംഘടനയില്‍ നിന്നും പുറത്താക്കിയതോടെ സാമ്പത്തിക ക്രമക്കേടിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവാകില്ലെന്നും സംഘടനയുടെ ചില്ലിക്കാശുപോലും ബാക്കിയാക്കാതെ നിയമപരമായ നടപടിക്രമങ്ങളിലൂടെ ഈടാക്കുമെന്നും അറിയിച്ചു.
Next Story

RELATED STORIES

Share it