Alappuzha local

വ്യാപാരി വ്യവസായി ഏകോപനസമിതി പിളര്‍ന്നു

ആലപ്പുഴ: ജില്ലയിലെ വ്യാപാരി സംഘടന പിളര്‍ന്നു.ടി നസറുദ്ദീന്‍ നേതൃത്വം നല്‍കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയില്‍ കഴിഞ്ഞ കുറെ നാളായി നിലനില്‍ക്കുന്ന നേതൃവടം വലി പാരമ്യത്തിലെത്തിയതോടെ പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുകയായിരുന്നു സംഘടന. ഇന്നലെ ഹസന്‍ കോയ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സംഘടന ജില്ലയിലും പിറവിയെടുത്തതോടെ ജില്ലയിലെ വ്യാപാരി വ്യവസായി ഏകോപനസമിതിയില്‍ പിളര്‍പ്പ് പൂര്‍ത്തിയായി.
കഴിഞ്ഞ ജൂണില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അന്നത്തെ ജില്ലാ പ്രസിഡന്റ് നുജുമുദ്ദീന്‍ ആലുംമൂട്ടിലിനെ പിന്തുണക്കുന്ന വിഭാഗവും രാജു അപ്‌സര വിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നത കോടതി വരെയെത്തിയിരുന്നു. യൂനിറ്റ് തിരഞ്ഞെടുപ്പുകള്‍ നടത്തിയതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി മുന്‍ പ്രസിഡന്റിനെ തന്നെ പ്രതിയാക്കി അഞ്ച് വ്യാപാരികള്‍ ആലപ്പുഴ മുന്‍സിഫ് കോടതിയില്‍ അന്യായം സമര്‍പ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അന്നത്തെ തിരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തിയ കോടതി, പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ അഭിഭാഷക കമ്മീഷനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിനെതിരേ ഔദ്യോഗിക വിഭാഗം ഹൈക്കോടതിയെ വരെ സമീപിച്ചെങ്കിലും മുന്‍സിഫ് കോടതി വിധി പ്രകാരം തിരഞ്ഞെടുപ്പ് നടപടികളുമായി യോജിക്കാന്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങള്‍ കോടതി നിയോഗിച്ച റിട്ടേണിംഗ് ഓഫീസര്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. എന്നാല്‍ നേരത്തെ പുതിയ തിരഞ്ഞെടുപ്പിനായി നിയമപോരാട്ടം നടത്തിയവര്‍ തന്നെ ഇതിനെതിരേ വ്യാപാരികളെ അണിനിരത്താന്‍ മുന്നിട്ടിറങ്ങിയതോടെയാണ് സംഘടനയില്‍ പിളര്‍പ്പുറപ്പായത്.വ്യാപാരികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന ഭാരവാഹികള്‍ക്കും സംസ്ഥാന നേതൃത്വത്തിനുമെതിരേ രൂക്ഷ വിമര്‍ശവുമായി നോട്ടീസുകള്‍ പ്രചരിപ്പിക്കപ്പെട്ടത് ഇതിന്റെ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു.
ആലപ്പുഴയില്‍ നസറുദ്ദീന്റെ നേതൃത്വത്തിലുള്ള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍, കായംകുളത്ത് ഹസന്‍കോയയുടെ നേതൃത്വത്തിലുള്ള പുതിയ സംഘടനയുടെ ജില്ലാ ഘടകം പിറവിയെടുക്കുകയും ചെയ്തു. ആലപ്പുഴയിലെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നുജുമുദ്ദീന്‍ ആലുംമൂട്ടിലും രാജു അപ്‌സരയും തമ്മിലായിരുന്നു. 532 കൗണ്‍സിലര്‍മാര്‍ക്കായിരുന്നു വോട്ടവകാശമുണ്ടായിരുന്നത്. ഇതില്‍ 413 വോട്ട് പോള്‍ ചെയ്തതായും രാജു അപ്‌സരക്ക് 398 വോട്ടും നുജുമുദ്ധീന്‍ ആലുംമൂട്ടിലിന് 10 വോട്ടും ലഭിച്ചതായി രാജുഅപ്‌സര വിഭാഗം അവകാശപ്പെട്ടു. അഞ്ച് വോട്ട് അസാധുവായി.
അതേസമയം, കായംകുളത്ത് വ്യാപാരികളുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്ത നുജുമുദ്ദീന്‍ വിഭാഗം ബദല്‍സംഘടനയ്ക്ക് രൂപം നല്‍കുകയും ചെയ്തു. കെ ഹസന്‍കോയ പ്രസിഡന്റും ആലിക്കോയ ഹാജി ജനറല്‍സെക്രട്ടറിയുമായുള്ള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ജില്ലാ പ്രസിഡന്റായി നുജുമുദ്ദീന്‍ ആലുംമൂട്ടിലിനെ യോഗം തിരഞ്ഞെടുത്തു. ജില്ലാ ജനറല്‍സെക്രട്ടറിയായി ജി ജയകുമാറിനെയും ഖജാഞ്ചിയായി വിനോദ് ശക്തിയെയും തിരഞ്ഞെടുത്തു. സുരേഷ് മുട്ടം, ശങ്കരനാരായണ പണിക്കര്‍, സന്തോഷ് നെടുമുടി, സക്കീര്‍ മാവേലിക്കര, ബി സെല്‍വകുമാര്‍, പ്രഭാകരന്‍ പൊന്നാംവെളി(വൈസ് പ്രസിഡന്റുമാര്‍), ജയകുമാര്‍ ഭരണിക്കാവ്, മെഹബൂബ് ആലപ്പുഴ, റിയാസ് ആലപ്പുഴ, കൃഷ്ണകുമാര്‍ ആലപ്പുഴ, രാജേഷ് പുന്നമൂട്, രാജഗോപാലന്‍ ചേപ്പാട്(സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.നുജുമുദ്ദീന്‍ ആലുംമൂട്ടിലിനെ സംസ്ഥാന വൈസ്പ്രസിഡന്റായി പ്രസിഡന്റ് കെ ഹസന്‍കോയ നോമിനേറ്റ് ചെയ്തു.
Next Story

RELATED STORIES

Share it