kannur local

വ്യാപാരിയെ തട്ടിക്കൊണ്ടു പോയി അപായപ്പെടുത്താന്‍ ശ്രമം: അഭിഭാഷകനടക്കം ഏഴുപേര്‍ക്കെതിരേ കേസ്‌

കാഞ്ഞങ്ങാട്: മൊബൈല്‍ ഷോപ്പുടമയെ തട്ടികൊണ്ടു പോയി അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അഭിഭാഷകനടക്കം ഏഴുപേര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തു. കാഞ്ഞങ്ങാട് നയാ ബസാറിലെ വാട്‌സ്ആപ്പ് മൊബൈല്‍ ഷോപ്പുടമയും പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ സ്വദേശിയുമായ സി എച്ച് യൂനുസിനെയാണ് തട്ടികൊണ്ടുപോയത്. യൂനുസിന്റെ പരാതിയില്‍ മടക്കരയിലെ നിസാര്‍, അജാനൂര്‍ കടപ്പുറം മത്തായി മുക്കിലെ രാഹുല്‍ എന്ന കിച്ചു, സുശീല്‍, അജാനൂര്‍ കടപ്പുറത്തെ സച്ചു, ബാബു, മടക്കരയിലെ ഷംസീര്‍ എന്നിവര്‍ക്കെതിരേയും ഇവര്‍ക്ക് ഒത്താശ നല്‍കിയ ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനുമെതിരേയുമാണ് കേസ്.
എട്ട് മാസം മുമ്പ് മടക്കരയിലെ നിസാര്‍ ഹാരിസ്, പടന്നയിലെ ഫൈസല്‍ എന്നിവര്‍ യൂനുസിനെയും കുന്നുംകൈയിലെ അമീറിനെയും വ്യാപാരത്തിന്റെ കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാറില്‍ കണ്ണൂരിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ നിന്നും മറ്റൊരു സംഘം കാറിനടുത്ത് വന്ന് നിസാറുമായി സംസാരിക്കുകയും പിന്നീട് മാഹിയിലേക്ക് തിരിക്കുകയും ചെയ്തു. മാഹി പള്ളിക്കടുത്ത് വച്ച് നേരത്തേ വന്ന സംഘവുമായി നിസാര്‍ സംസാരിക്കുന്നതിനിടെ ചില ഇടപാടുകളെ കുറിച്ച് തര്‍ക്കമുണ്ടായി. ഇവരുടെ കാറിന്റെ ഗ്ലാസ് തകര്‍ത്ത് നിസാറിന്റെ കൈയിലുണ്ടായിരുന്ന 20 ലക്ഷം രൂപ തട്ടിയെടുത്ത് സംഘം കടന്നുകളഞ്ഞു. നഷ്ടമായ പണം നസീറും കൂടെയുണ്ടായിരുന്ന നാലുപേരും തുല്യമായി നല്‍കണമെന്ന് ധാരണയുണ്ടാക്കി. ഇതിന് ശേഷം മറ്റുള്ളവര്‍ പണം നല്‍കിയില്ലെങ്കിലും നിസാരും സംഘവും കാഞ്ഞങ്ങാട്ടെ മൊബൈല്‍ ഷോപ്പില്‍ വന്ന് യൂനുസില്‍ നിന്ന് പണം വാങ്ങുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ നിസാറും സംഘവും യൂനുസിന്റെ കടയിലെത്തുകയും ഇദ്ദേഹത്തിന്റെ കാറിന്റെ താക്കോല്‍ ബലമായി പിടിച്ചുവാങ്ങുകയും ചെയ്തു. തുടര്‍ന്ന് കത്തികാണിച്ച് ഭീഷണിപ്പെടുത്തി സംഘം മത്തായി മുക്കിലേക്ക് കാര്‍ കടത്തുകയായിരുന്നു. ഇതുസംബന്ധിച്ച പരാതിയിലാണ് കേസ്.
Next Story

RELATED STORIES

Share it