malappuram local

വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം : പ്രതികള്‍ റിമാന്‍ഡില്‍



പെരിന്തല്‍മണ്ണ: കോടിക്കണക്കിന് രൂപ തട്ടിയെടുക്കാന്‍ വേണ്ടി വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ മൂന്നു പ്രതികളെ റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് സേലം ഏര്‍ക്കാട് ഇല്ല്യാസ് പാഷ (32) പുത്തനങ്ങാടി കലുങ്ങോളി പറമ്പില്‍ ഹുസൈന്‍ എന്ന മാനു (26) പുഴക്കാട്ടിരി മൂന്നാക്കല്‍ മുഹമ്മദ് ആസിഫ് (21) എന്നിവരെയാണ് പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തത്. അങ്ങാടിപ്പുറം പുത്തനങ്ങാടിയില്‍ നിന്ന് വ്യാപാരിയെ ബലമായി വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി വാഹനവും പണവും കവര്‍ന്ന ശേഷം കോയമ്പത്തൂരില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ മാസം എഴിനായിരുന്നു സംഭവം. പ്രവാസി സ്റ്റോഴ്‌സ് ഉടമ കോയപ്പതൊടി ഇസ്മായിലിനെയാണ് തട്ടിക്കൊണ്ടു പോയത്. ഇസ്മായിലിന്റെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ പിന്തുടര്‍ന്നാണ് കോയമ്പത്തൂര്‍ പുത്തൂര്‍ സ്ട്രീറ്റില്‍ ഇയാളെ കണ്ടെത്തിയത്. ഇതിനിടയില്‍ സംഘം വ്യാപാരിയുടെ ഫോണില്‍ നിന്ന് ഭാര്യയെയും സഹോദരനെയും വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഒരുകോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു.  തുടര്‍ന്ന് സൈബര്‍സെല്ലിന്റെയും വിവിധ സ്ഥലങ്ങളിലെ നിരീക്ഷണ കാമറകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഒന്നാം പ്രതി സേലത്ത് കളവ് കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് അവിടെ നിന്ന് മുങ്ങി പുഴക്കാട്ടിരിയിലെത്തി വിവാഹം കഴിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടയില്‍ പരിചയപ്പെട്ട ഹുസൈന്‍ എന്ന മാനു, മുഹമ്മദ് ആസിഫ് എന്നിവരുമായി തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത് തമിഴ്‌നാട്ടിലെ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it