വ്യാപാരിയെ ആക്രമിച്ച് പണം കവര്‍ന്ന കേസ്; നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു

തൃശൂര്‍: കുതിരാനില്‍ തമിഴ്‌നാട് സ്വദേശിയായ വ്യാപാരിയെ ആക്രമിച്ചു മൂന്നര ലക്ഷം രൂപ കവര്‍ന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍. മലപ്പുറം ആലിപ്പറമ്പ് കാമ്പ്ര സ്വദേശി തോണിക്കടവ് നൗഫല്‍(29), കുലുക്കല്ലൂര്‍ മപ്പാട്ടുകര ഇസ്മയില്‍ ബാബു(25), മുളയംകാവ് സ്വദേശി മക്കടയില്‍ സാജിത്(38), കൊപ്പം പ്രഭാപുരത്ത് മഠത്തിപ്പറമ്പില്‍ ഷൗക്കത്തലി(30) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 12ന് തമിഴ്‌നാട്ടില്‍ നിന്നുള്ള ശര്‍ക്കര മൊത്തക്കച്ചവടക്കാരനായ പൊള്ളാച്ചി സ്വദേശി ശെല്‍വകുമാറിനെ ആക്രമിച്ചാണു പ്രതികള്‍ മൂന്നരലക്ഷത്തോളം രൂപ കവര്‍ന്നത്. കവര്‍ച്ച നടത്തിയ ദിവസം രാവിലെമുതല്‍ വ്യാപാരിയുടെ നീക്കങ്ങള്‍ ശ്രദ്ധിച്ച പ്രതികള്‍ അദ്ദേഹം കലക്ഷന്‍ എടുത്ത് മടങ്ങുന്ന സമയത്ത് കാറിനെ പിന്തുടരുകയായിരുന്നെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ കെ ജി സൈമണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആള്‍ട്ടോ കാറിലും ബൈക്കിലുമായി സംഘങ്ങളായി തിരിഞ്ഞായിരുന്നു ഇവര്‍ പിന്തുടര്‍ന്നത്.
ആളൊഴിഞ്ഞ മേഖലയില്‍ എത്തിയപ്പോള്‍ പ്രധാന പ്രതികളിലൊരാളായ നൗഫല്‍ ശെല്‍വകുമാറിന്റെ കാറില്‍ ഇടിപ്പിച്ചുനിര്‍ത്തി. തുടര്‍ന്ന് ശെല്‍വകുമാറിനെയും ഡ്രൈവറെയും ആക്രമിച്ച പ്രതികള്‍ ഇദ്ദേഹത്തിന്റെ ആഡംബര കാറും കൈയിലുണ്ടായിരുന്ന മൂന്നരലക്ഷം രൂപയും കടത്തിക്കൊണ്ടുപോവുകയായിരുന്നു. കാര്‍ പിന്നീട് ഇരുമ്പുപാലത്തിനടുത്ത് ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.
എസിപി ശിവദാസിന്റെ മേല്‍നോട്ടത്തില്‍ ഷാഡോ പോലിസിന്റെയും ഒല്ലൂര്‍ സിഐ ഉമേഷിന്റെയും കീഴില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചായിരുന്നു അന്വേഷണം. കേസിന്റെ മുഖ്യ സൂത്രധാരനായ നൗഫലിനെതിരേ പെരിന്തല്‍മണ്ണ, ചെര്‍പ്പുളശ്ശേരി, നാട്ടുകല്‍ പോലിസ് സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്. പട്ടാമ്പി സ്റ്റേഷനില്‍ ഷൗക്കത്തലിക്കെതിരേ ബലാല്‍സംഗമുള്‍പ്പെടെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വഴിയില്‍ പ്രതികള്‍ നമ്പര്‍ പ്ലേറ്റില്‍ തിരിമറി നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ പോലിസിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു വാഹനം പെട്ടെന്നു കണ്ടുപിടിക്കാനായത്.
തമിഴ്‌നാട് സ്വദേശികളാണു കവര്‍ച്ചയ്ക്കു പിന്നിലെന്നു തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇവരുടേത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഫിംഗര്‍പ്രിന്റ്, സൈബര്‍ സെല്‍ വിദഗ്ധരുടെ സേവനം ലഭിച്ചതും കേസന്വേഷണത്തിനു സഹായകമായതായും കമ്മീഷണര്‍ പറഞ്ഞു. സംഭവത്തിനു ശേഷം പല ഭാഗങ്ങളിലായി ഒളിവില്‍ കഴിഞ്ഞ പ്രതികളിലൊരാളെ അട്ടപ്പാടിയില്‍ നിന്നാണു പിടിച്ചത്.
Next Story

RELATED STORIES

Share it