വ്യാപാരിയുടെ ആത്മഹത്യ: അന്വേഷണം ആരംഭിച്ചു

അമ്പലപ്പുഴ (ആലപ്പുഴ): വില്‍പന നികുതി ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്ന് വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പോലിസ് സമഗ്ര അന്വേഷണം ആരംഭിച്ചു. അമ്പലപ്പുഴ എസ്‌ഐ പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസാണ് അന്വേഷണം നടത്തുന്നത്. 174ാം വകുപ്പ് ചുമത്തി അസ്വാഭാവിക മരണത്തിനാണ് പോലിസ് കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെയാണ് അമ്പലപ്പുഴ വടക്ക് പടിഞ്ഞാറെ നടയില്‍ ചിത്രാ സ്റ്റോഴ്‌സ് ഉടമ ശ്രീകുമാര്‍ (56) തന്റെ കടയുടെ പിറകില്‍ ഗോഡൗണില്‍ തൂങ്ങി മരിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി വില്‍പന നികുതി ഉദ്യോഗസ്ഥരാണെന്ന് ശ്രീകുമാര്‍ തന്റെ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊമേഴ്‌സ്യല്‍ ടാക്‌സ് ഓഫിസറില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌ഐ എം പ്രതീഷ്‌കുമാര്‍ പറഞ്ഞു. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഇന്നും നാളെയുമായി വില്‍പന നികുതി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. അടുത്ത ദിവസം തന്നെ ശ്രീകുമാറിന്റെ ബന്ധുക്കളില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുമെന്ന് പോലിസ് പറഞ്ഞു.
2015 നവംബര്‍ 24ന് ശ്രീകുമാറിന് വില്‍പന നികുതി ഉദ്യോഗസ്ഥര്‍ രണ്ട് നോട്ടീസ് അയച്ചിരുന്നു. തന്റെ അക്കൗണ്ട് പര്‍ച്ചേസില്‍ ഉള്‍പ്പെടുത്തി 5,78,274 രൂപ 2013-14 വര്‍ഷം നികുതി അടയ്ക്കാനായിരുന്നു നോട്ടീസ്. ഈ തുക അടക്കാത്തതിനെ തുടര്‍ന്ന് ഇതിന്റെ പിഴ ഉള്‍പ്പെടെ 8,03,178 രൂപ അടയ്ക്കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. 2012-13ലെ പിഴ ഉള്‍പ്പെടെ 8,10,894 രൂപയും അടയ്ക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. രണ്ട് നോട്ടീസിലേയും കൂടി തുക ചേര്‍ത്ത് 16,14,702 രൂപ ശ്രീകുമാര്‍ അടയ്ക്കണമായിരുന്നുവെന്ന് നോട്ടീസില്‍ നിന്ന് വ്യക്തമാണ്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വില്‍പന നികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താല്‍ മാത്രമേ അറിയാന്‍ കഴിയൂ. ഈ വിവരങ്ങള്‍ അടങ്ങിയ റിപോര്‍ട്ട് ജില്ലാ പോലിസ് ചീഫിന് കൈമാറിയിട്ടുണ്ടെന്നും എസ്‌ഐ പറഞ്ഞു. ശ്രീകുമാറിന്റെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ നടന്ന ഹര്‍ത്താല്‍ ആലപ്പുഴയില്‍ പൂര്‍ണമായിരുന്നു.
Next Story

RELATED STORIES

Share it