kozhikode local

വ്യാപാരിയുടെ ആത്മഹത്യയെ തുടര്‍ന്നുള്ള സമരം; വ്യാപാര മേഖല സ്തംഭിച്ചു

കോഴിക്കോട്: വാണിജ്യ നികുതി ഉദ്യോഗസ്ഥന്‍മാരുടെ പീഡനത്തിനിരയായി വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപാരി വ്യവസായി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന കടയടപ്പ് സമരം ജില്ലയില്‍ പൂര്‍ണ്ണം. നഗരത്തിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളായ മിഠായ്‌ത്തെരുവ്, വലിയങ്ങാടി, പാളയം, സ്റ്റേഡിയം, മാവൂര്‍ റോഡ്, കല്ലായ് റോഡ്, നടക്കാവ്, എന്നിവിടങ്ങളിലെല്ലാം കടകള്‍ അടഞ്ഞുകിടന്നു. രാവിലെ കേരളവ്യാപാരി വ്യവസായി ഏകോപനസമിതി, കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, വ്യാപാരി വ്യവസായിസമിതി തുടങ്ങി വ്യാപാര സംഘടനകള്‍ മുഴുവന്‍ പ്രതിഷേധത്തില്‍ പങ്കാളികളായി.
വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ പീഡനം മൂലമാണ് താന്‍ മരിക്കുന്നതെന്ന് ആത്മഹത്യാകുറിപ്പ് എഴുതിയാണ് അമ്പലപ്പുഴയില്‍ ചിത്രാ സ്‌റ്റോഴ്‌സ് ഉടമ ശ്രീകുമാര്‍ കടയ്ക്കുള്ളില്‍ ജീവനൊടുക്കിയത്. വ്യാപാരി സംഘടനകളുടെ ആഹ്വാനപ്രകാരം രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയായിരുന്നു കടയടപ്പ്.
കടയടച്ച് സമരത്തില്‍ പങ്കെടുത്ത വ്യാപാരികള്‍ വാണിജ്യനികുതി ഓഫിസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. മാര്‍ച്ച് റോഡില്‍ പോലിസ് തടഞ്ഞു.
കേരളവ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
ഡിസ്ട്രിക് മര്‍ച്ചന്റ് അസോസിയേഷന്‍, അഖിലേന്ത്യാ ആയൂര്‍വേദ സോപ്പ് നിര്‍മാണവിതരണ അസോസിയേഷന്‍, കെബി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തുടങ്ങി ഒട്ടേറെ വ്യാപാര സംഘടനകള്‍ സംഭവത്തില്‍ പ്രതിഷേധിച്ചു കടയടപ്പ് സമരത്തില്‍ പങ്കാളികളായി. ആത്മഹത്യക്ക് കാരണക്കാരായ വാണിജ്യനികുതി ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്നു സി ഇ ചാക്കുണ്ണി ആവശ്യപ്പെട്ടു. വാണിജ്യ ഉദ്യോഗസ്ഥരുടെ പീഡനം വിവരം വിവിധ സംഘടനകള്‍ മുഖ്യമന്ത്രിയേയും ധനകാര്യമന്ത്രിയേയും മുമ്പെ അറിയിച്ചിരുന്നതുമാണ്-ചാക്കുണ്ണി പറഞ്ഞു.
Next Story

RELATED STORIES

Share it