വ്യാപാരിയില്‍ നിന്ന് 1.72 കോടി തട്ടിയെടുത്തയാള്‍ പിടിയില്‍

പാലക്കാട്: കോയമ്പത്തൂര്‍ സ്വദേശിയായ വ്യാപാരിയില്‍ നിന്ന് 1.72 കോടി രൂപ തട്ടിയെടുത്ത മാനേജര്‍ അറസ്റ്റില്‍. പാലക്കാട് നൂറണി ഐശ്വര്യനഗര്‍ കോളനിയില്‍ നാരായണനെ (55)യാണ് ടൗണ്‍ നോര്‍ത്ത് സിഐ ആര്‍ ഹരിപ്രസാദ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ സ്വദേശി പാര്‍ഥസാരഥിയുടെ പാലക്കാട് വലിയങ്ങാടി എണ്ണക്കൊട്ടില്‍ സ്ട്രീറ്റിലുള്ള ശ്രീ അരുള്‍ ശക്തി ട്രേഡേഴ്‌സ് എന്ന പഞ്ചസാര മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നാണ് കൃത്രിമ കണക്കുകള്‍ കാണിച്ച് പണം തട്ടിയത്.
കോയമ്പത്തൂരും പാലക്കാട്ടുമായി വലിയ കച്ചവട ശൃംഖലയുള്ള അരുള്‍ ശക്തി ട്രേഡേഴ്‌സിന്റെ പാലക്കാടിന്റെ പൂര്‍ണചുമതല നാരായണനാണു നല്‍കിയിരുന്നത്. സ്ഥാപനത്തിന്റെ എല്ലാ ഇടപാടുകളും നാരായണനാണ് കൈകാര്യം ചെയ്തിരുന്നത്. ഈ സാഹചര്യം മുതലെടുത്താണ് വ്യാപാരത്തില്‍ കൃത്രിമം കാണിച്ച് ഇയാള്‍ 1.72 കോടി രൂപ തട്ടിയെടുത്തതെന്ന് പോലിസ് പറഞ്ഞു.
സ്ഥിരം ഇടപാടു നടത്തുന്നവര്‍ക്ക് പഞ്ചസാര വില്‍ക്കാതെ മറിച്ചുവില്‍ക്കുകയും വ്യാജ ബില്ല് ഉണ്ടാക്കി പണം ലഭിക്കാനുള്ളതായി കമ്പനിയെ വിശ്വസിപ്പിച്ച് വഞ്ചിക്കുകയും ചെയ്തതായാണു കണ്ടെത്തല്‍.
കഴിഞ്ഞദിവസം നാരായണന്റെ നൂറണിയിലെ വീട്ടില്‍ റെയ്ഡ് നടത്തി. എസ്‌ഐ എം സുജിത്ത്, അഡീഷണല്‍ എസ്‌ഐ കൃഷ്ണനുണ്ണി, സിപിഒമാരായ നന്ദകുമാര്‍, പ്രജീഷ്, വനിതാ സിപിഒ സുമതിക്കുട്ടിയമ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it