kasaragod local

വ്യാപാരികള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് നിഷേധിച്ചതായി പരാതി

കാസര്‍കോട്്: റെയില്‍വേ സ്‌റ്റേഷനില്‍ വ്യാപാരികള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് നിഷേധിച്ചെന്ന് പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേശ്വരം യൂനിറ്റിലെ 60 അംഗങ്ങള്‍ ഈമാസം 24ന് ആലപ്പുഴയിലേക്ക് ടൂര്‍ പോകാനായി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനെത്തിയിരുന്നു. മാവേലി എക്‌സ്പ്രസില്‍ 24ന് യാത്രപുറപ്പെടാനും 25ന് തിരിച്ചുവരാനുമായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേശ്വരം യൂനിറ്റ് സെക്രട്ടറി എന്‍ അബ്ദുല്‍ഹമീദ് ഇന്നലെ രാവിലെ 11ഓടെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെത്തി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരന്‍ സ്റ്റേഷന്‍ മാസ്റ്ററെ കാണാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സ്റ്റേഷന്‍ മാസ്റ്ററെ കണ്ടപ്പോള്‍ കൊമേസ്യല്‍ വിഭാഗത്തില്‍ ചെല്ലാനായിരുന്നു നിര്‍ദ്ദേശം. കൊമേസ്യല്‍ വിഭാഗത്തില്‍ എത്തിയപ്പോള്‍ വീണ്ടും സ്‌റ്റേഷന്‍ മാസ്റ്ററെ കാണണമെന്ന് ആവശ്യപ്പെട്ടു. മണിക്കൂറുകളോളം വട്ടംകറക്കി ടിക്കറ്റ് നല്‍കാതെ തിരിച്ചയക്കുകയായിരുന്നു. ഇതിനെതിരെ ദക്ഷിണ റെയില്‍വേ പാലക്കാട് ജനറല്‍ മാനേജര്‍, കേന്ദ്ര റെയില്‍വേ മന്ത്രി, പി കരുണാകരന്‍ എംപി എന്നിവര്‍ക്ക് പരാതി നല്‍കിയതായി അബ്ദുല്‍ഹമീദ് ഹൊസങ്കടി അറിയിച്ചു.
Next Story

RELATED STORIES

Share it