wayanad local

വ്യാപാരികള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമമെന്നു പരാതി



കല്‍പ്പറ്റ: മര്‍ച്ചന്റ്‌സ് അസോസിയേഷനെതിരേ ഗൂഢാലോചന നടക്കുന്നതായും വ്യാപാരികള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ശ്രമിക്കുന്നതായും മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യൂനിറ്റ് പിരിച്ചുവിട്ട ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റി റദ്ദ് ചെയ്തതായും ഇവര്‍ അവകശപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി ഇന്നു മാനന്തവാടി ടൗണ്‍ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗം അസോസിയേഷനോടുള്ള വെല്ലുവിളിയാണ്. യോഗത്തില്‍ ആരെങ്കിലും പങ്കെടുത്താല്‍ അവര്‍ക്കെതിരേ കര്‍ശന നടപടിസ്വീകരിക്കും. അസോസിയേഷനെ പിരിച്ചുവിടാന്‍ അധികാരമോ അവകാശമോ ജില്ലാ കമ്മിറ്റിക്കില്ല. സംഘടനയെ ശിഥിലമാക്കി മുതലെടുപ്പ് നടത്താന്‍ ആരെയും അനുവദിക്കില്ല. മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷനിലുള്ളവര്‍ ജില്ലാ നേതൃത്വത്തിലെത്തുമെന്ന ഭയമാണ് ജില്ലാ കമ്മിറ്റിക്കുള്ളത്. ഏകോപന സമിതി ജില്ലാ കമ്മിറ്റി മാനന്തവാടിയില്‍ വ്യാപാരികളുടെ യോഗം വിളിച്ചു ചേര്‍ത്തത് സംഘടനയോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ മെയ് 24 നാണ് മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, വോട്ടര്‍പട്ടിക 20 ദിവസം മുമ്പ് പ്രസിദ്ധീകരിച്ചില്ലെന്നു പറഞ്ഞ് ചിലര്‍ കോടതിയെ സമീപിച്ച് തിരഞ്ഞെടുപ്പിനു സ്‌റ്റേ സമ്പാദിച്ചു. ഇവര്‍ വോട്ടര്‍പട്ടികയിലെ അപാകത ചൂണ്ടിക്കാട്ടി ജില്ലാ നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും ജില്ലാ നേതൃത്വം പട്ടിക പരിശോധിച്ച് അംഗീകാരം നല്‍കിയ ശേഷമാണ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിച്ചത്. ജൂണ്‍ 27നു മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭരണസമിതിയുടെ നേതൃത്വത്തില്‍ ജനനറല്‍ബോഡി യോഗം ചേര്‍ന്നിരുന്നു. ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും വ്യാപാരികളുടെ മക്കളെ അനുമോദിക്കുന്നതിനുമായാണ് അന്നു യോഗം വിളിച്ചത്. ഈ യോഗത്തില്‍ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും പങ്കെടുത്തിരുന്നു. അന്ന് സംസ്ഥാന പ്രസിഡന്റിനു 'ഗോ ബാക്ക്' വിളിച്ചവരും മാനന്തവാടിയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍  പ്രസിഡന്റ് കെ ഉസ്മാന്‍, ജനറല്‍ സെക്രട്ടറി പി വി മഹേഷ്, ഖജാഞ്ചി ഇ എ നാസിര്‍, എന്‍ വി അനില്‍ കുമാര്‍, എന്‍ പി ഷിബി, എം കെ ഷിഹാബുദ്ദീന്‍, കെ എക്‌സ് ജോര്‍ജ്, സി കെ സുജിത്ത്, കെ ഷാനു പങ്കെടുത്തു.
Next Story

RELATED STORIES

Share it