വ്യാപാരികളുടെ സമര പ്രഖ്യാപനം താക്കീതായി

തൃശൂര്‍: അമിത നികുതി അടിച്ചേല്‍പിച്ചും വാടക കുത്തനെ ഉയര്‍ത്തിയും വ്യാപാരികളെ പീഡിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന് ശക്തമായ താക്കീതുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂരില്‍ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി കടകളടച്ചിട്ടാണ് പ്രവര്‍ത്തകര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്.
വ്യാപാരി ദ്രോഹ നയങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ വില്‍പന നികുതി കൊടുക്കേണ്ടതില്ലെന്ന് തീരുമാനിക്കാനുള്ള ആര്‍ജവം വ്യാപാരി സമൂഹത്തിനുണ്ടെന്ന് സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ ടി നസിറുദ്ദീന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അദാനിയും യൂസഫലിയും പോലുള്ള വ്യവസായികള്‍ക്ക് വര്‍ഷങ്ങളോളം ഭൂമി പാട്ടത്തിനു കൊടുക്കുന്ന സര്‍ക്കാരിനോട് മരണം വരെ തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവകാശം മാത്രമാണ് വ്യാപാരികള്‍ ചോദിക്കുന്നത്.
നേരത്തെ മുന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മന്ത്രി കുഞ്ഞാലിക്കുട്ടിയും മറ്റും വ്യാപാരി നേതാക്കളുമായി ഒപ്പിട്ട കരാര്‍ ഇതേവരെ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വ്യാപാരികളെ ദ്രോഹിച്ച് ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതിനുള്ള തിരിച്ചടി നല്‍കും. ഇടത്തോട്ടോ വലത്തോട്ടോ പോകേണ്ടതെന്ന് ഉടന്‍ തീരുമാനിക്കും. വ്യാപാരി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളുമായും ചര്‍ച്ച നടത്തുമെന്നും നസിറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
അമിത നികുതിയും അന്യായ വാടക വര്‍ധനയും പിന്‍വലിക്കുക, പോലിസിനെ ഉപയോഗിച്ചുള്ള റെയ്ഡുകള്‍ അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമര പ്രഖ്യാപനം. ജോബി വി ചുങ്കത്ത് അധ്യക്ഷത വഹിച്ചു.
സമര പ്രഖ്യാപന പ്രതിജ്ഞ സംസ്ഥാന ഖജാഞ്ചി ദേവസ്യ മേച്ചേരി ചൊല്ലിക്കൊടുത്തു. സെക്രട്ടറിമാരായ കെ വി അബ്ദുല്‍ ഹമീദ്, കെ കെ വാസുദേവന്‍, എസ് ദേവരാജന്‍, ജി വസന്തകുമാര്‍, രാജു അപ്‌സര, എം എ ഖാദര്‍, വൈസ് പ്രസിഡന്റുമാരായ പി എ എം ഇബ്‌റാഹിം, മാരിയില്‍ കൃഷ്ണന്‍ നായര്‍, പെരിങ്ങമല രാമചന്ദ്രന്‍, പി കുഞ്ഞാവു ഹാജി, കെ അഹമ്മദ് ഷെരീഫ്, സെക്രട്ടേറിയറ്റംഗങ്ങളായ കെ സേതുമാധവന്‍, ടി ഡി ജോസഫ്, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ആര്‍ വിനോദ് കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it