malappuram local

വ്യാപാരികളും യാത്രക്കാരും ചോദിക്കുന്നു ; ഒരു സ്ലാബെങ്കിലും മൂടുമോ..?



മഞ്ചേരി: മഞ്ചേരിയിലെ പ്രധാനപ്പെട്ട മലപ്പുറം തിരൂര്‍ റോഡിലെ അഴുക്കുചാലുകള്‍ക്ക്  സ്ഥാപിച്ച സ്ലാബുകള്‍ തകര്‍ന്നു വീണിട്ട് മാസങ്ങളായിട്ടും നഗരസഭ തിരിഞ്ഞു നോക്കുന്നില്ല. അഞ്ചിലധികം സ്ഥലങ്ങളിലാണ് സ്ലാബുകള്‍ തകര്‍ന്ന് വീണ് യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നത്. പഴയ ബസ്റ്റാന്റിലെ ടാക്‌സി സ്റ്റാന്റിലെ പ്രവേശന കവാടത്തിനു മുന്നില്‍ തകര്‍ച്ചയുടെ പരമ്പര തന്നെയാണുള്ളത്. ഇരു വശത്തും സ്ലാബുകള്‍ തകര്‍ന്നിട്ടും യാത്രക്കാര്‍ വീഴാതിരിക്കാന്‍ കച്ചവടക്കാര്‍ ചാക്കുകളും കല്ലും വെച്ചിരിക്കുന്ന കാഴ്ച പതിവാണ്. എന്നിട്ടും തിരിഞ്ഞു നോക്കാന്‍ മാത്രം ആളില്ല. ദിനം പ്രതി ഒന്നിലധികം പൊതു പരിപാടികളാണ് പഴയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്നത്. ഇതിനെത്തുന്ന ജനപ്രതിനിധികളും  യാതൊരു കൂസലുമില്ലാതെ വന്നു പോവുന്നുണ്ട്.  ടാക്‌സി സ്റ്റാന്റിലുള്ള വാഹനങ്ങള്‍ ശ്രദ്ധിച്ചാണ് വരുന്നതും പുറത്തുകടക്കുന്നതും. ഇതിനിടയില്‍ വഴി നടക്കുന്ന യാത്രക്കാര്‍ ഒന്നു ശ്രദ്ധ തെറ്റിയാല്‍ ചീഞ്ഞളിഞ്ഞ മാലിന്യക്കുഴിയിലാവും വീഴുന്നത്. മലപ്പുറം റോഡിലെ തന്നെ നിത്യച്ചന്തയിലേക്കും ജുമുഅ പള്ളിയിലേക്കുമുള്ള വഴിയിലെ സ്ലാബ് അടര്‍ന്ന് വീണ്് കുഴിയും ഒപ്പം കോണ്‍ക്രീറ്റ് കമ്പികള്‍ തെറിച്ചു നില്‍ക്കുന്നുമുണ്ട്.  നിരവധി ചരക്ക് വാഹനങ്ങള്‍ പോവുന്ന ഈ ഭാഗത്ത് ഭാഗ്യം കൊണ്ടാണ് അപകടമുണ്ടാവാത്തത്. അത്തിമണ്ണില്‍ ബില്‍ഡിങ്ങിന് സമീപവും സ്ലാബുകള്‍ തകര്‍ന്നിട്ടുണ്ട്.  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും കാല്‍നടയായി വരുന്നവര്‍ക്കാണ് മാലിന്യക്കുഴികള്‍ കാര്യമായ ഭീഷണി ഉയര്‍ത്തുന്നത്. മലപ്പുറം, തിരൂര്‍, പടിഞ്ഞാറ്റുമുറി, പന്തല്ലൂര്‍, പൂക്കോട്ടൂര്‍, കിഴിശ്ശേരി, പെരിന്തല്‍മണ്ണ, മങ്കട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ നിത്യ ചന്തയിലേക്കും മറ്റാവശ്യങ്ങള്‍ക്കും  വരുന്നതും പോവുന്നതും ഇതുവഴിയാണ്. മിനി സിവില്‍ സ്റ്റേഷനിലേക്കും കോടതികളിലേക്കും  15-ഓളം ബാങ്കുകളിലേക്കും ജീവനക്കാരും മറ്റും പോവുന്നതും തകര്‍ന്ന സ്ലാബിന് മുകളിലൂടെയാണ്. വര്‍ഷകാലത്തിന് മുമ്പെങ്കിലും തകര്‍ന്ന ഓടകളെങ്കിലും നന്നാക്കുമോയെന്നാണ് നാട്ടൂകാരുടെ ചോദ്യം. മഴക്കാലമാവുമ്പോള്‍  മലിന ജലം ഒഴുകിയെത്തുന്നതിനാല്‍ മലപ്പുറം റോഡിലെ മിക്ക കടകളും അടച്ചിടാറുണ്ട്.
Next Story

RELATED STORIES

Share it