World

വ്യാപാരയുദ്ധം അവസാനിപ്പിക്കാന്‍ ചൈന-യുഎസ് ധാരണ

വാഷിങ്ടണ്‍: വ്യാപാരയുദ്ധം അവസാനിപ്പിക്കാനും പരസ്പരം ഇറക്കുമതിത്തീരുവ ഒഴിവാക്കാനും യുഎസും ചൈനയും തമ്മില്‍ ധാരണയായി. യുഎസില്‍ നടന്ന ഉന്നതതല ചര്‍ച്ചയ്ക്കു ശേഷമാണ് ഇരുരാജ്യത്തെയും പ്രതിനിധികള്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. യുഎസില്‍ നിന്നു കൂടുതല്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യാനും സേവനങ്ങള്‍ സ്വീകരിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര അന്തരം കുറയ്ക്കാനും ചൈനയുമായി ധാരണയിലെത്തിയതായി യുഎസ് അറിയിച്ചു.
പുതിയ ധാരണയിലൂടെ ചൈനയുമായുള്ള വാര്‍ഷിക വ്യാപാര കമ്മി 33500 കോടി ഡോളറായി കുറയുമെന്നാണ് യുഎസിന്റെ വിലയിരുത്തല്‍. യുഎസില്‍ നിന്നു കാര്‍ഷിക-ഊര്‍ജ ഇറക്കുമതിയില്‍ ചൈന വര്‍ധന വരുത്തുമെന്നും ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ക്കു ശേഷം ഇരുരാജ്യങ്ങളും വാഷിങ്ടണില്‍ നിന്നിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. യുഎസിലെ സാമ്പത്തിക-തൊഴില്‍ മേഖലയ്ക്ക് ഗുണകരമാവുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
വ്യാപാരസംബന്ധമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനും ധാരണയായി. ചൈനയില്‍ നിന്ന് വൈസ് പ്രസിഡന്റ് ലിയു ഹെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചയ്ക്കായി യുഎസിലെത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ ഗണ്യമായ അന്തരമുണ്ടെന്നു ചൂണ്ടിക്കാട്ടി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളുടെ മേല്‍ 15,000 കോടി ഡോളര്‍ തീരുവ ചുമത്താന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് ചൈനയും അധിക തീരുവ ഏര്‍പ്പെടുത്തി. ഇറക്കുമതി തീരുവ ചുമത്തിയത് വ്യാപാരയുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് വ്യാപാരകമ്മി കുറയ്ക്കാന്‍ ധാരണയായിരിക്കുന്നത്.
Next Story

RELATED STORIES

Share it