Readers edit

വ്യാപത്തിന്റെ വ്യാപ്തിയും ദുരൂഹ മരണങ്ങളും

മധ്യപ്രദേശില്‍ അസ്വാഭാവികമായി ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു. വ്യാപം കേസുമായി ബന്ധമുള്ളവരാണ് മരണപ്പെടുന്നവര്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം മധ്യപ്രദേശ് ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍, കേസില്‍ പ്രതികളായ 2400 പേരില്‍ 23 പേര്‍ അസ്വാഭാവികമായി മരണപ്പെട്ടു എന്നു വെളിപ്പെടുത്തിയിരുന്നു.
കേസ് ഇല്ലാതാക്കാന്‍ പ്രതികളെയും സാക്ഷികളെയും കൂട്ടത്തോടെ കൊലപ്പെടുത്തുകയാണ് എന്ന സംശയം വ്യാപകമാണ്. വ്യാപം തട്ടിപ്പുമായി ബന്ധപ്പെട്ടവരൊക്കെ ഭയത്തിന്റെ നിഴലിലാണ്. എന്നാല്‍,  ഈ മരണപരമ്പര സ്വാഭാവികമാണെന്നും ഇതില്‍ കൂടുതല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറയുന്നത്.
മധ്യപ്രദേശിലെ വിവിധ കോഴ്‌സുകളിലേക്കും സര്‍ക്കാര്‍ തസ്തികകളിലേക്കും പ്രവേശനത്തിനും നിയമനത്തിനുമുള്ള പരീക്ഷകള്‍ നടത്താന്‍ ചുമതലപ്പെട്ട മധ്യപ്രദേശ് പ്രഫഷനല്‍ പരീക്ഷാ ബോര്‍ഡ് അഥവാ മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡല്‍ എന്നതിന്റെ ചുരുക്കെഴുത്താണ് വ്യാപം. 2007 മുതല്‍ 2013 വരെയുള്ള കാലയളവില്‍ ഏതാണ്ട് 1,40,000 പേര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും അനര്‍ഹമായി പ്രവേശനം ലഭിച്ചെന്നും ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നു തട്ടിപ്പു നടത്താന്‍ ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായും പല രാഷ്ട്രീയ പ്രമുഖര്‍ക്കും ഇതില്‍ പങ്കുണെ്ടന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
സംഘപരിവാരത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ഈ വമ്പന്‍ തട്ടിപ്പ്. യഥാര്‍ഥ വിദ്യാര്‍ഥികള്‍ക്കു പകരം മിടുക്കരായ മറ്റു വിദ്യാര്‍ഥികളെക്കൊണ്ട് പരീക്ഷ എഴുതിപ്പിക്കല്‍, ഉത്തരക്കടലാസുകള്‍ മാറ്റി പകരം ശരിയുത്തരം മാത്രം എഴുതിയ ഉത്തരക്കടലാസുകള്‍ വയ്ക്കല്‍, കോപ്പിയടിക്കാന്‍ അവസരം നല്‍കല്‍ തുടങ്ങിയ രീതികളിലൂടെയാണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പിന്റെ പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചിരുന്നത് സുധീര്‍ ശര്‍മയായിരുന്നു. ആര്‍.എസ്.എസ്. നടത്തുന്ന സ്ഥാപനമായ സരസ്വതി ശിശുമന്ദിറിലെ ഒരു അധ്യാപകന്‍ മാത്രമായിരുന്ന ഇയാളുടെ വളര്‍ച്ച ബി.ജെ.പി. മധ്യപ്രദേശ് ഭരിച്ച 10 വര്‍ഷത്തിനിടയില്‍ ശരവേഗത്തിലായിരുന്നു. ശര്‍മയുടെ അടുത്ത കൂട്ടുകാരനായ ലക്ഷ്മീകാന്ത് ശര്‍മ ഖനനമന്ത്രിയായതോടെ അധ്യാപകവൃത്തി ഉപേക്ഷിച്ച് ഇയാള്‍ ഖനനവ്യവസായം തുടങ്ങി.
ആര്‍.എസ്.എസ്. മുന്‍ സര്‍സംഘ്ചാലക് കെ എസ് സുദര്‍ശന്‍, ആര്‍.എസ്.എസില്‍ രണ്ടാമനായ സുരേഷ് സോണി എന്നിവര്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതായി ആരോപണമുണ്ടായിരുന്നു. മുതിര്‍ന്ന ബി.ജെ.പി. നേതാവും മധ്യപ്രദേശ് ഗവര്‍ണറുമായ രാം നരേഷ് യാദവും മകന്‍ ശൈലേഷ് യാദവുമായിരുന്നു മറ്റു ഗുണഭോക്താക്കള്‍. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഭാര്യയും തട്ടിപ്പില്‍ പങ്കാളികളാണെന്നാണ് വ്യക്തമാവുന്നത്.
ഇത്തരത്തില്‍ സംഘപരിവാരം പങ്കാളികളായ വ്യാപം അഴിമതിയുടെ യാഥാര്‍ഥ്യങ്ങള്‍ പുറത്തുവന്നാല്‍ വലിയ അഴിമതിവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തനിനിറം വ്യക്തമാവും. ഈ സാഹചര്യത്തിലാണ് കേസില്‍ ഉള്‍പ്പെട്ട പ്രധാന പ്രതികളും സാക്ഷികളും ദുരൂഹമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഗവര്‍ണറുടെ മകന്‍ ശൈലേഷ് യാദവിന്റെ മരണം തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അദ്ദേഹത്തിന്റെ മരണത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ വീട്ടുകാര്‍ തന്നെ മറച്ചുവയ്ക്കുകയായിരുന്നു. അതിലൂടെ മറ്റു മരണങ്ങളുടെ ദുരൂഹതകളുടെ ആഴം നമുക്കു മനസ്സിലാക്കാം.
Next Story

RELATED STORIES

Share it