Flash News

വ്യാപക പോലിസ് പരിശോധന; രാഷ്ട്രീയ പകപോക്കലെന്നു വ്യക്തം

പാലക്കാട്: മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ നേതാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ മറപിടിച്ച് സംസ്ഥാന വ്യാപകമായി പോലിസ് ചില പാര്‍ട്ടി സംഘടനാ നേതാക്കളുടെ വീട്ടില്‍ മാത്രം പരിശോധന നടത്തുന്നത് രാഷ്ട്രീയ പകപോക്കലാണെന്നു വ്യക്തമായി. ചുവരെഴുത്തുമായി ബന്ധപ്പെട്ടു നടന്ന അനിഷ്ട സംഭവത്തിന്റെ പേരില്‍ എസ്ഡിപിഐ, പോപുലര്‍ഫ്രണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തുടങ്ങിയ സംഘടനാനേതാക്കളുടെ വീട്ടിലാണ് കഴിഞ്ഞ ഏതാനും ദിവസമായി പോലിസ് കയറിയിറങ്ങുന്നത്.  ഇന്നലെ ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറയുടെ വീട്ടിലാണ് പോലിസ് പരിശോധനയ്‌ക്കെത്തിയത്.
പാലക്കാട് ജില്ലയില്‍ തന്നെ മഹാരാജാസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിവരശേഖരണം നടത്തുന്നുവെന്ന പേരില്‍ കഴിഞ്ഞ ദിവസം വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ഫ്രറ്റേണിറ്റിയുടെയും ജില്ലാ നേതാക്കളുടെ വീടുകളിലും പോലിസ് കയറിയിറങ്ങുകയും വിലാസം വാങ്ങി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ നെന്മാറയിലെ വീട്ടിലും പോലിസെത്തിയത്.
എന്നാല്‍, ഒരു കൊലപാതകത്തിന്റെ പേരില്‍, തിരഞ്ഞുപിടിച്ച് പോലിസ് വേട്ടയാടുന്നതിന്റെ പിന്നില്‍ സിപിഎം താല്‍പര്യമാണെന്നു വ്യക്തമാകുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നടന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ച സംഘടനകളാണ് എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും. ഗെയില്‍, നാലുവരിപ്പാത, പാലിയേക്കര ടോള്‍ എന്നിവയ്‌ക്കെതിരെ പ്രദേശത്ത് ജനകീയ സമരസമിതി രൂപീകരിച്ച് സമരത്തിനു നേതൃത്വം കൊടുത്തതില്‍ ഈ പാര്‍ട്ടികള്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തലാണ് വേട്ടയാടാന്‍ കാരണം.
ഇസ്‌ലാംമതം വിശ്വസിച്ചതിന്റെ പേരില്‍ കൊടിഞ്ഞി ഫൈസലിനെയും പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെയും ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നപ്പോള്‍ ഒരൊറ്റ ആര്‍എസ്എസ് കേന്ദ്രത്തിലും പരിശോധന നടത്താന്‍ തയ്യാറാവാതിരുന്ന പോലിസാണ് ഇപ്പോള്‍ വ്യാപകമായി എസ്ഡിപിഐ, വെല്‍ഫെയര്‍ തുടങ്ങിയ നേതാക്കളുടെ വീട്ടിലും ഓഫിസിലും കയറിയിറങ്ങുന്നത്. ഇതിലെ ഇരട്ടത്താപ്പും സാമൂഹികമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിട്ടുണ്ട്.
സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വീട് റെയ്ഡ് ചെയ്ത സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റഷാദ് പുതുനഗരം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വെല്‍ഫെയര്‍, ഫ്രറ്റേണിറ്റി നേതാക്കളുടെ വീട്ടില്‍ പോലിസ് പരിശോധന നടത്തിയ സാഹചര്യത്തില്‍ പാലക്കാട് ജില്ലാ പോലിസ് മേധാവിയെ കഴിഞ്ഞ ദിവസം കണ്ട് സംസാരിച്ചപ്പോള്‍ ഇത്തരം നടപടികള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കിയിരുന്നു. മഹാരാജാസ് കോളജില്‍ നടന്ന കൊലപാതക സംഭവത്തിന്റെ മറവില്‍ രാഷ്ട്രീയ എതിരാളികളെ ഒതുക്കാനുള്ള സിപിഎം കുതന്ത്രത്തിന് പോലിസ് ചട്ടുകമാവുകയാണെന്നും ഫ്രറ്റേണിറ്റി ആരോപിച്ചു.
Next Story

RELATED STORIES

Share it