Flash News

വ്യാപക അറസ്റ്റിനിടെ യാത്രാനിയന്ത്രണവുമായി സൗദി



റിയാദ്: അഴിമതി വിരുദ്ധ വേട്ട വ്യാപിപ്പിച്ച് സൗദി ഭരണകൂടം. രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ കമ്പനികളിലൊന്നായ അല്‍ തയാറിന്റെ സ്ഥാപകന്‍ നാസര്‍ ബിന്‍ അല്‍ തയാറാണ് ഒടുവില്‍ അഴിമതി വിരുദ്ധ സമിതിയുടെ വലയില്‍ കുടുങ്ങിയത്. രാജകുടുംബത്തിന്റെ കൂട്ട അറസ്റ്റില്‍ സൗദി അറേബ്യന്‍ സമ്പദ്‌വ്യവസ്ഥ ആടി ഉലയുകയാണ്. രാജ്യത്തെ പ്രമുഖ കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവാണു രേഖപ്പെടുത്തിയത്. അതേസമയം, എണ്ണവില കുത്തനെ ഉയര്‍ന്നു. നാസിറിന്റെ അറസ്റ്റിന് പിന്നാലെ അല്‍ തയാറിന്റെ ഓഹരി വില 10 ശതമാനത്തിലധികം ഇടിഞ്ഞു. അഴിമതി വിരുദ്ധ സമിതിയുടെ ഹിറ്റ് ലിസ്റ്റിലുള്ളവര്‍ രാജ്യം വിടുന്നതു തടയാന്‍ സ്വകാര്യ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതു വിലക്കി ഭരണകൂടം ഉത്തരവിറക്കി. റിയാദില്‍ സ്വകാര്യ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന വിമാനത്താവളം അടച്ചു. സര്‍ക്കാര്‍ അനുമതിയില്ലാതെ ഒരു വിമാനവും പറക്കരുതെന്നാണു നിര്‍ദേശം.അറസ്റ്റ് വ്യാപിപ്പിക്കുന്നുവെന്ന റിപോര്‍ട്ടുകളാണ് വ്യാവസായിക മേഖലയെ പിടിച്ചുകുലുക്കിയത്.  ഞായറാഴ്ചയോടെ അറസ്റ്റ് നടപടികള്‍ അവസാനിപ്പിച്ചതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണു സൗദിയിലെ ഏറ്റവും വലിയ ട്രാവല്‍ കമ്പനികളിലൊന്നിന്റെ സ്ഥാപകന്‍ നാസിര്‍ അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍, അധികാര ദുര്‍വിനിയോഗം, അനധികൃത പണസമ്പാദനം തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിയാണു നാസിറിനെ പോലിസ് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായവര്‍ക്കെതിരേയും ഇതേ ആരോപണമാണ് അഴിമതി വിരുദ്ധ സമിതി ഉയര്‍ത്തിയത്. പ്രതികളെന്നു കണ്ടെത്തിയാല്‍ കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. അതേസമയം, ഓഹരി വിപണിയില്‍ കൂടുതല്‍ തിരിച്ചടി നേരിടുമെന്ന ഭയം നിലനില്‍ക്കുന്നതിനാല്‍  അല്‍ തയാര്‍ കമ്പനി വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്ഥാപന മേധാവി അറസ്റ്റിലായെന്ന മാധ്യമ റിപോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അല്‍ തയാറിന്റെ ഓഹരികളില്‍ 10 ശതമാനം ഇടിവുണ്ടായത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയിലുള്ള അഴിമതി വിരുദ്ധ സമിതിയാണ് നാസിറിനെ അറസ്റ്റ് ചെയ്തത്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍.  അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it