വ്യാപം തട്ടിപ്പ്: ഒരു ദുരൂഹ മരണം കൂടി

ന്യൂഡല്‍ഹി: വ്യാപം നിയമനത്തട്ടിപ്പിന് പിന്നാലെയുള്ള ദുരൂഹമരണം തുടരുന്നു. കേസില്‍ ആരോപണവിധേയയായ ലഖ്‌നോയിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ (കെജിഎംയു) ജൂനിയര്‍ ഡോക്ടര്‍ മനീഷാ ശര്‍മ (27) ആണ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത്. കേസുമായി ബന്ധപ്പെട്ട 41ാമത്തെ മരണമാണിത്.
കേസില്‍ രണ്ടുവര്‍ഷം മുമ്പ് അല്‍പ്പകാലം ജയിലിലായിരുന്ന ഡോ. മനീഷ ശര്‍മ കോടതിയില്‍ ഹാജരാവാനിരിക്കെയാണ് സംഭവം. മരിച്ചവരെല്ലാം കേസിലെ പ്രതികളോ സാക്ഷികളോ അന്വേഷണത്തില്‍ ഏതെങ്കിലും രീതിയില്‍ ഇടപെട്ടവരോ ആയിരുന്നു.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മധ്യപ്രദേശ് ഗവര്‍ണറുടെ മകന്‍ സൈലേഷ് യാദവും മരിച്ചവരില്‍ ഉള്‍പ്പെടും. മധ്യപ്രദേശ് സംസ്ഥാന പ്രഫഷനല്‍ എക്‌സാം ബോര്‍ഡ് (ഹിന്ദിയില്‍, മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്‍ വ്യാപം) 2009 മുതല്‍ നടത്തിയ നിയമന പരീക്ഷകളില്‍ വ്യാപകമായ ക്രമക്കേട് നടന്നുവെന്ന ആരോപണമാണ് വ്യാപം കേസ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളിലേക്ക് ആരോപണം നീണ്ടതാണ് വ്യാപം നിയമനത്തട്ടിപ്പ്.
സംഭവവുമായി ബന്ധപ്പെട്ട് മനീഷയുടെ സഹോദരി ദീപാ ശര്‍മയുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് യൂറോളജി വകുപ്പിലെ സീനിയര്‍ ഡോക്ടര്‍ ഉദ്ദം സിങിനെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് പോലിസ് കേസെടുത്തു.
ശനിയാഴ്ചയാണ് കാണ്‍പൂര്‍ സ്വദേശിനിയായ മനീഷാ ശര്‍മ ആശുപത്രി ജീവനക്കാരുടെ ഫഌറ്റില്‍ വിഷംകഴിച്ചത്. ഇതേത്തുടര്‍ന്നു ചികില്‍സയില്‍ കഴിയവെയായിരുന്നു മരണം. മനീഷ വിഷം കഴിച്ചതായി ഉദ്ദംസിങ് സഹോദരി ദീപയെ ഫോണിലൂടെ അറിയിക്കുകയായിരുന്നു. ഉദ്ദം സിങ് തന്നെയാണ് മനീഷയെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്കു മാറ്റിയതും. വിഷംകഴിക്കുന്നതിനു മുമ്പായി ഉദ്ദം സിങിനും മനീഷയ്ക്കും ഇടയില്‍ വാഗ്വാദം ഉണ്ടായതായും റിപോര്‍ട്ടുണ്ട്.
അലിഗഡ് മെഡിക്കല്‍ കോളജില്‍വച്ച് എംബിബിഎസ് പൂര്‍ത്തിയാക്കിയ മനീഷ, കെജിഎംയുവില്‍ സര്‍ജറിയില്‍ ബിരുദാനന്ദരബിരുദം വിദ്യാര്‍ഥിയാണ്. ഇതോടൊപ്പം തന്നെ മറ്റൊരു ആശുപത്രിയില്‍ ഗൈനക്കോളജി വകുപ്പില്‍ താല്‍ക്കാലിക സേവനം ചെയ്തുവന്നിരുന്നു. കേസിലെ പ്രതികളാണെങ്കിലും അതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളോ രേഖകളോ തങ്ങളുടെ പക്കലില്ലെന്നും മിക്ക മാസങ്ങളിലും കേസിന്റെ ഭാഗമായി കോടതിയില്‍ ഹാജരാവാന്‍ അവര്‍ അവധിയെടുക്കാറുണ്ടെന്നും കെജിഎംയു അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it