Flash News

വ്യാപം അഴിമതി : ചൗഹാന് ശുദ്ധിപത്രം



ന്യൂഡല്‍ഹി: മധ്യപ്രദേശിലെ വ്യാപം നിയമന കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സിബിഐയുടെ ശുദ്ധിപത്രം. ഇദ്ദേഹത്തിനെതിരേ തെളിവുകളൊന്നുമില്ലെന്ന് സിബിഐ പ്രത്യേക കോടതിയില്‍ വ്യക്തമാക്കി. അതേസമയം, കേസിലെ 490 പ്രതികള്‍ക്കെതിരേ സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത സിഡികളില്‍ ചൗഹാന്റെ പേര് പരാമര്‍ശിക്കുന്നില്ല. പരാതിക്കാരനായ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കി. ഫോറന്‍സിക് പരിശോധനാഫലവും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് 107 കേസുകളും അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട് അമ്പതോളം കേസുകളുമാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍, സിബിഐ ഇതുമായി ബന്ധപ്പെട്ട് നടന്ന അസ്വാഭാവിക മരണങ്ങളെക്കുറിച്ച് അന്വേഷിച്ചില്ലെന്ന ആരോപണമുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് 40ലധികം ദുരൂഹമരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യ അടക്കമുള്ളവര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന ആരോപണമുയര്‍ന്നിരുന്നു.മധ്യപ്രദേശ് പ്രഫഷനല്‍ പരീക്ഷാ ബോര്‍ഡ് അഥവാ മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്‍ എന്നതിന്റെ ചുരുക്കെഴുത്താണ് വ്യാപം. പ്രവേശനപ്പരീക്ഷയില്‍ തട്ടിപ്പ് നടത്തി അയോഗ്യരായ ആയിരക്കണക്കിന് ആളുകള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കിയ അഴിമതിയാണ് മധ്യപ്രദേശിലെ വ്യാപം അഴിമതി എന്ന പേരില്‍ അറിയപ്പെടുന്നത്.
Next Story

RELATED STORIES

Share it