thrissur local

വ്യാജ സ്വര്‍ണ വിഗ്രഹം കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: യുവതി അറസ്റ്റില്‍ 

പുതുക്കാട്: വ്യാജ സ്വര്‍ണ വിഗ്രഹം കാണിച്ച് പലരില്‍ നിന്നുമായി 24 ലക്ഷം രൂപയും 15 പവനും തട്ടിയെടുത്ത യുവതി അറസ്റ്റില്‍. തലോരില്‍ വാടകക്കെടുത്ത വീട്ടില്‍ താമസിക്കുന്ന പള്ളുരുത്തി തണ്ടാശ്ശേരി സിനി (37)യാണ് ക്രൈബ്രാഞ്ചിന്റെ പിടിയിലായത്.
ഭര്‍ത്താവ് മരിച്ച സിനി കല്ലൂര്‍ സ്വദേശിയായ യുവാവുമൊന്നിച്ചാണ് തലോരില്‍ താമസിക്കുന്നത്. ഇവിടുത്തെ സമീപവാസികളെ കബളിപ്പിച്ചാണ് പണം തട്ടിയത്. സ്വര്‍ണം പൂശിയ കൃഷ്ണ വിഗ്രഹം കാണിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. വിഗ്രഹം വിറ്റുകിട്ടുന്ന തുകയില്‍ നിന്ന് വിഹിതം നല്‍കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
സ്വര്‍ണത്തിന്റെ ബിസിനസ് ചെയ്യുന്നുവെന്നാണ് ഇവര്‍ സമീപവാസികളെ വിശ്വസിപ്പിച്ചിരുന്നത്. വിഗ്രഹമുപയോഗിച്ച് തട്ടിപ്പ് നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് സംഘമാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
ടെമ്പിള്‍ തെഫ്റ്റ് വിഭാഗം സിഐ ഡി കെ ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സിനി നിരവധി കേസുകളില്‍ പ്രതിയാണെന്നും വാറണ്ട് നിലനില്‍ക്കുന്നുണ്ടെന്നും അറിഞ്ഞു. വനിതാ പോലിസ് ചമഞ്ഞും, ആളുകളെ വശീകരിച്ചും ഇവര്‍ പലരില്‍ നിന്നും പണം തട്ടിയിട്ടുണ്ട്. തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഇവര്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്.
ഒമ്പതു മുമ്പാണ് ഇവര്‍ ശ്രീജ ഗോപകുമാര്‍ എന്ന പേരില്‍ തലോരില്‍ വീട് വാടകക്കെടുത്തത്. തട്ടിപ്പു കേസുകള്‍ക്ക് പുറമെ മാലപ്പൊട്ടിക്കല്‍ കേസുകളിലും സിനി പ്രതിയാണ്. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ പുതുക്കാട് പോലിസിന് കൈമാറി.
Next Story

RELATED STORIES

Share it