kannur local

വ്യാജ സര്‍ട്ടിഫിക്കറ്റ്: രാഹുല്‍ ചക്രപാണി റിമാന്‍ഡില്‍

കണ്ണൂര്‍: നഴ്‌സുമാര്‍ക്ക് വിദേശജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന നഴ്‌സിങ് കൗണ്‍സിലിന്റെ പരാതിയില്‍ അറസ്റ്റിലായ കണ്ണൂര്‍ മെഡിസിറ്റി ഇന്റര്‍നാഷനല്‍ അക്കാദമി സിഇഒ രാഹുല്‍ ചക്രപാണിയെ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
ഖത്തറില്‍ ജോലിചെയ്യുന്ന രണ്ട് നഴ്‌സുമാര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നു ചൂണ്ടിക്കാട്ടി നഴ്‌സിങ് കൗണ്‍സില്‍ നേരത്തെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഡിജിപി പരാതി കണ്ണൂര്‍ ടൗണ്‍ പോലിസിന് കൈമാറി.നഴ്‌സിങ് കൗ ണ്‍സില്‍ രജിസ്ട്രാറുടെ വിശദമായ മൊഴിയെടുത്തതിനു പിന്നാലെ വ്യാഴാഴ്ചയാണ് രാഹുല്‍ ചക്രപാണി പിടിയിലായത്. വിദേശത്ത് പഠിക്കുന്ന നഴ്‌സുമാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഗുഡ് സ്റ്റാന്റിങ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് കേരള നഴ്‌സസ് ആന്റ് മിഡ് വൈഫ്‌സ് കൗണ്‍സിലാണ്.
നഴ്‌സുമാര്‍ ഈ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചാല്‍ ജോലിനല്‍കുന്ന വിദേശത്തുള്ള സ്ഥാപനത്തിന് കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുക്കും. ഇതിന്റെ പകര്‍പ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കൊടുക്കാന്‍ ഇടനിലയായി നിന്ന് വഞ്ചിച്ചെന്നാണ് രാഹുലിനെതിരായ ആരോപണം. രണ്ട് നഴ്‌സുമാരില്‍നിന്ന് പണം വാങ്ങിയ ശേഷം ഇവര്‍ക്ക് ഗുഡ് സ്റ്റാന്റിങ് സര്‍ട്ടിഫിക്കറ്റിന്റെ വ്യാജ പകര്‍പ്പ് അയച്ചുകൊടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it