kannur local

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം : തുടരന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു



തലശ്ശേരി: കേരളത്തിന് പുറത്തുള്ള 12ഓളം സര്‍വകലാശാലകളുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ തുടരന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. നഗരമധ്യത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന അമൃത കോളജില്‍ നിന്നാണ് നേരത്തെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തലശ്ശേരി സിഐ പ്രദീപന്‍ കണ്ണിപ്പൊയിലം സംഘവും പിടിച്ചെടുത്തിരുന്നത്. അമൃത കോളജ് നടത്തിപ്പുകാരായ പിണറായി പാറപ്രത്തെ അമൃതയില്‍ വടക്കെയില്‍ അജയന്‍, തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനി ടിന്റു ബി ഷാജി എന്നിവരാണ് അറസ്റ്റിലായത്. വിദേശരാജ്യങ്ങളില്‍ ജോലി സമ്പാദിക്കാനായി പോവുന്നവര്‍ക്കും മറ്റ് മേഖലകളില്‍ ഉദ്യോഗക്കയറ്റം നേടാനുമായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് നല്‍കി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് പോലിസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. മാനവ്ഭാരത് സര്‍വകലാശാല, ഛത്തീസ്ഗഢ്, തമിഴ്‌നാട്, വിശ്വഭാരതി, ഗുരുകുല്‍ വിദ്യാപീഠ് തുടങ്ങി 12 സര്‍വകലാശാലകളുടെ ആയിരത്തോളം വരുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയെന്നാണ് പോലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. അമൃത കോളജില്‍ നിന്നു ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക്, സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കാനുള്ള ഉപകരണങ്ങള്‍, പേപ്പറുകള്‍, ഹോളോഗ്രാം, പൂരിപ്പിക്കാത്ത സര്‍ട്ടിഫിക്കറ്റുകള്‍, കളര്‍ പ്രിന്റര്‍, വിവിധ തരം സീലുകള്‍ തുടങ്ങിയവ പോലിസ് പരിശോധനയില്‍ കണ്ടെടുത്തിരുന്നു. ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് വിദേശ രാജ്യങ്ങളില്‍ ജോലി നേടിയവരും ജോലിയില്‍ സ്ഥാനക്കയറ്റം നേടിയവരും ഒട്ടേറെയുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കുന്നത്. 2016 സപ്തംബര്‍ 29ന് രാത്രിയിലാണ് പോലിസ് സംഘം കോളജില്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്തത്.
Next Story

RELATED STORIES

Share it