വ്യാജ വിവരങ്ങള്‍ നല്‍കിയ ഹിന്ദുസേനാ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: കേരള ഹൗസില്‍ പശുവിറച്ചി വിളമ്പുന്നുവെന്ന വ്യാജവിവരം പോലിസിനെ വിളിച്ചറിയിച്ച ഹിന്ദുസേനാ നേതാവ് വിഷ്ണു ഗുപ്തയെ പോലിസ് അറസ്റ്റ് ചെയ്തു. പോലിസിനെ തെറ്റിദ്ധരിപ്പിച്ചതിനാണ് വിഷ്ണുവിനെതിരേ കേസെടുത്തത്. ഇന്നലെ രാവിലെയാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്. ഇന്നു കോടതിയില്‍ ഹാജരാക്കും.
അതേസമയം, പശുവിറച്ചി വിളമ്പിയെന്ന് ആരോപിച്ച് ഡല്‍ഹി പോലിസ് റെയ്ഡ് നടത്തിയതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച കേരള ഹൗസ് സ്റ്റാഫ് കാന്റീനിലെ മാട്ടിറച്ചി വിഭവങ്ങള്‍ തിരിച്ചെത്തി. കേരള സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം മാട്ടിറച്ചി വിഭവങ്ങള്‍ ഇന്നലെ വീണ്ടും വിളമ്പിയത്.
കേരള ഹൗസിലെ കാന്റീനില്‍ വീണ്ടും മാട്ടിറച്ചി വിളമ്പുന്നുവെന്ന വാര്‍ത്ത വന്നതോടെ നിരവധി പേരാണ് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാട്ടിറച്ചി കൂട്ടി ഊണു കഴിക്കാന്‍ എത്തിയത്. രണ്ടു ഘട്ടമായി 30ഓളം കിലോ മാട്ടിറച്ചിയാണ് ഇന്നലെ കാന്റീനില്‍ വിറ്റഴിഞ്ഞത്. മലയാളികള്‍ക്കു പുറമേ ഉത്തരേന്ത്യക്കാരും പ്രതിഷേധസൂചകമായി മാട്ടിറച്ചി കഴിക്കാന്‍ എത്തിയത് ശ്രദ്ധേമായി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗം റിതബ്രത ബാനര്‍ജി, കേന്ദ്ര കമ്മിറ്റി അംഗം നീലോല്‍പല്‍ ബസു, എസ്എഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ ഡോ. വി ശിവദാസന്‍ തുടങ്ങിയവരും പ്രതിഷേധസൂചകമായി മാട്ടിറച്ചി കഴിച്ചു. ഡല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ യോഗത്തിനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാന്റീന്‍ സന്ദര്‍ശിച്ചു.
അതിനിടെ, സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലിസ് കമ്മീഷണര്‍ കേന്ദ്രത്തിനു വിശദമായ റിപോര്‍ട്ട് സമര്‍പ്പിച്ചു. കേരള ഹൗസില്‍ അതിക്രമിച്ചുകയറി പരിശോധന നടത്തിയിട്ടില്ലെന്നും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനാണ് പ്രവേശിച്ചതെന്നും റിപോര്‍ട്ടില്‍ പറയുന്നു. പോലിസിനു ലഭിച്ച സന്ദേശത്തെ തുടര്‍ന്നാണ് അവിടെ ചെന്നത്. കിട്ടിയ വിവരം അനുസരിച്ച് പരിശോധന നടത്തുക മാത്രമാണ് ചെയ്തതെന്നും ഇവിടെ പശുവിറച്ചി വിളമ്പിയിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it