Flash News

വ്യാജ വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടയണം



തിരുവനന്തപുരം: പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി അനില്‍കാന്ത് പോണ്ടിച്ചേരി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കത്തയച്ചു. നികുതി വെട്ടിക്കുന്നതിനു വേണ്ടി ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തശേഷം സംസ്ഥാനത്ത് ഉപയോഗിക്കുന്നതു ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. ഇത്തരം തട്ടിപ്പുകള്‍ ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്ന് കമ്മീഷണര്‍ മുന്നറിയിപ്പു നല്‍കി. അനധികൃത രജിസ്‌ട്രേഷന്‍ തടയാനും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നിയമനടപടി ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പു നടത്തുന്ന വാഹന ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജോ. കമ്മീഷണര്‍ രാജു പുത്തലത്ത് പറഞ്ഞു. തട്ടിപ്പിനു പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടെന്നു സംശയിക്കുന്നു. പോണ്ടിച്ചേരിക്ക് പുറമെ നാഗാലാന്‍ഡ്, ഗോവ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും തട്ടിപ്പുകള്‍ നടക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. സ്‌ക്വാഡിനെ പ്രത്യേകമായി നിയോഗിച്ച് പരിശോധന ശക്തമാക്കും. വാഹന ഡീലര്‍മാരുടെ പങ്ക് തെളിഞ്ഞാല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനാണ് തീരുമാനം. അതേസമയം, പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തവരുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം പുതുച്ചേരിയിലെത്തി പരിശോധന നടത്തും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റിലെ അസിസ്റ്റന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് പരിശോധന നടത്തുക. പുറത്ത് രജിസ്‌ട്രേഷന്‍ നടത്തുന്ന വാഹനങ്ങളുടെ കാര്യത്തില്‍ വാഹന ഡീലര്‍മാര്‍ക്കും നിര്‍ദേശം നല്‍കും.  പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ നിരീക്ഷിക്കും. അതേസമയം, നടി അമലാ പോള്‍ പോണ്ടിച്ചേരിയിലെ തെറ്റായ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍  വില്‍പന നടത്തിയത് തങ്ങളല്ലെന്നു വിശദീകരിച്ച് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രംഗത്തുവന്നു. ബംഗളൂരുവിലെ മറ്റൊരു ഡീലറാണ് വില്‍പന നടത്തിയതെന്നും കമ്പനി അറിയിച്ചു. നികുതിയിളവിനായി തന്റെ ഔഡി കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതില്‍ വാഹനത്തിന്റെ രേഖകള്‍ ഈ മാസം 13നകം ഹാജരാക്കാന്‍ നടനും എംപിയുമായ സുരേഷ് ഗോപിയോട് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനം ഒരു വര്‍ഷത്തിനുള്ളില്‍ കേരള രജിസ്‌ട്രേഷന്‍ സ്വീകരിക്കണമെന്നാണ് നിയമം. എന്നാല്‍, സുരേഷ് ഗോപി ഇതില്‍ വീഴ്ച വരുത്തിയതിനും വിശദീകരണം നല്‍കേണ്ടിവരും.സമാനരീതിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയ നടന്‍ ഫഹദ് ഫാസില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്കു മാറ്റുമെന്ന് അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it