Flash News

വ്യാജ വാര്‍ത്ത : ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേ പോപുലര്‍ ഫ്രണ്ട് പരാതി നല്‍കി



കോഴിക്കോട്: ഐഎസ് ബന്ധമുള്ള പോപുലര്‍ ഫ്രണ്ട് ശബ്ദരേഖ പുറത്ത് എന്ന തലക്കെട്ടില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് പോലിസില്‍ പരാതി നല്‍കി.ദൗലത്തുല്‍ ഇസ്ലാമിന്റെ മലയാളികള്‍ക്കു വേണ്ടിയുള്ള 50ാമത്തെ സന്ദേശമെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ച് ഈസ്റ്റ് കോസ്റ്റ് ഡെയ്ലി എന്ന ഓണ്‍ലൈന്‍ മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് യാതൊരു അടിസ്ഥാനവുമില്ലാതെ പോപുലര്‍ ഫ്രണ്ടിന്റെ പേര് കൂട്ടിച്ചേര്‍ത്തത്. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ ഭീതിപരത്താനിടയാക്കുന്നതും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുന്നതുമായ കാര്യങ്ങളാണ് വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന് കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയില്‍ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് പറഞ്ഞു. പോപുലര്‍ ഫ്രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത സന്ദേശം എന്ന പേരില്‍ ഒരു ഓഡിയോ ക്ലിപ്പും ഈസ്റ്റ് കോസ്റ്റ് ഡെയ്ലിയിലെ വാര്‍ത്തയോടൊപ്പം ചേര്‍ത്തിട്ടുണ്ട്. വാര്‍ത്താപോര്‍ട്ടലിന്റെ ഔദ്യോഗിക ലോഗോയോടെയാണ് ഓഡിയോ ക്ലിപ്പ് വാര്‍ത്തയില്‍ ചേര്‍ത്തിരിക്കുന്നത്. ഫേസ്ബുക്കിലെ ഒഫീഷ്യല്‍ പേജിലൂടെ ഈ വാര്‍ത്തയും ഓഡിയോ ക്ലിപ്പും ഈസ്റ്റ് കോസ്റ്റ് ഡെയ്ലി പ്രചരിപ്പിക്കുകയും ചെയ്തു. പോപുലര്‍ ഫ്രണ്ടിന്റെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് എന്ന നിലയില്‍ സംഘപരിവാരപ്രവര്‍ത്തകരും അനുഭാവികളും ഇതു പ്രചരിപ്പിച്ചുവരുന്നുണ്ട്. പോപുലര്‍ ഫ്രണ്ടിന്റെ ഹിന്ദുവിരുദ്ധ ജിഹാദ് ആഹ്വാനമെന്നതരത്തിലാണ് സംഘപരിവാരക്കാര്‍ സാമൂഹികമാധ്യമങ്ങളില്‍ ഈ ഓഡിയോ ക്ലിപ്പ് പ്രചരിപ്പിക്കുന്നതെന്ന് പരാതിയില്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനും പ്രചരിപ്പിച്ചതിനും ഈസ്റ്റ് കോസ്റ്റ് ഡെയ്ലിക്കെതിരേയും പോപുലര്‍ ഫ്രണ്ടിന്റെ ഹിന്ദുവിരുദ്ധ ജിഹാദ് ആഹ്വാനമെന്ന തരത്തില്‍ ഓഡിയോ ക്ലിപ്പ് വ്യാജമായി പ്രചരിപ്പിച്ചവര്‍ക്കെതിരേയും ക്രിമിനല്‍ക്കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it