kozhikode local

വ്യാജ വാര്‍ത്തകള്‍ ആശങ്ക പരത്തുന്നു; നടപടിയെടുക്കണമെന്ന ആവശ്യം ശക്തം

താമരശ്ശേരി: നിപാ വൈറസ് ബാധയെ കുറിച്ചു വ്യാജ പ്രചാ രണങ്ങള്‍ വര്‍ധിക്കുന്നത് സാധാരണക്കാരില്‍ ആശങ്ക വളര്‍ത്തുന്നു. കഴിഞ്ഞ ദിവസം താമരശ്ശേരി താലൂക്കാശുപത്രിയില്‍ ഒരു രോഗിക്ക് നിപാ ബാധിച്ചു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി എന്നു പറഞ്ഞു പലരും പത്ര സ്ഥാപനങ്ങളിലേക്ക് നിരന്തരം വിളിയായിരുന്നു. ആശുപത്രി സുപ്രണ്ടുമായി ബന്ധപ്പെട്ടു സത്യവസ്ഥ അന്വേഷിച്ചതോടെ വ്യാജ വാര്‍ത്തയാണെന്ന് മനസ്സിലായി. താലൂക്കാശുപത്രിയില്‍ നിന്ന് പ്രസവ സംബന്ധമായ ചികില്‍സക്കുപോലും റഫര്‍ ചെയ്താല്‍ അതും നിപാ വൈറസ് ബാധയായി പ്രചരണം നടത്തുന്നത് ഏറെ ഗുരുതരമായ അവസ്ഥക്ക് കാരണമാവുന്നു.
നിജസ്ഥിതി അറിയാനുള്ള ആശങ്ക അത്രമാത്രം ജനങ്ങളില്‍ ഭീതി വിതക്കുന്നതായി ആരോഗ്യ രംഗത്തുള്ളവരും പറയുന്നു. പള്ളിപ്പുറം സ്വദേശിയായ യുവാവിനാണ് നിപാ ബാധിച്ചതെന്നും ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെന്നുമായിരുന്നു ആദ്യ പ്രചാരണം. എന്നാല്‍ കുറച്ചു കഴിഞ്ഞതോടെ ചെമ്പ്ര സ്വദേശിക്കെന്നായി വാര്‍ത്ത. സത്യമണോ കളവാണോ എന്നന്വേഷിക്കാതെ പലരും സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യുന്നതോടെ മിനുറ്റുകള്‍ക്കകം ആയിരങ്ങളാണ് വ്യാജ വാര്‍ത്ത കാണാനും ഭയപ്പെടാനും കാരണമാവുന്നത്.
ജനങ്ങളില്‍ ഭീതി പരത്തുന്ന തരത്തിലാണ് ചില ആരോഗ്യ വകുപ്പ് അധികൃതരും ജില്ലാ ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥരും പ്രചാരണം നടത്തുന്നത്. അധികൃതരുടെ ഭാഗത്തുനിന്നുള്ള ഇത്തരം ഭീതിപ്പെടുത്തുന്ന നിര്‍ദേശങ്ങള്‍ ജനങ്ങളില്‍ ഏറെ ഭയാശങ്കവിതക്കുന്നു. മുന്നറിയിപ്പ് നല്‍കുന്നത് ഭാവിയില്‍ തങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ വരാതിരിക്കാനാണെന്നാണ് ജില്ലാ ഭരണ കൂടത്തിലെ ഒരു ഉദ്യോഗസ്ഥന്റെ വിശദീകരണം. പലരും മാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. മെഡിക്കല്‍ ഷോപ്പുകളിലടക്കം ഇത്തരം മാസ്‌ക് ധരിച്ച് ജോലിചെയ്യുന്നവരെ കാണുന്നതോടെ ജനങ്ങളില്‍ വല്ലാത്ത ഭയം രൂപപ്പെടുകയും ചെയ്യുന്നു. നിപ വൈറസ് പ്രചാരണത്തേ തുടര്‍ന്ന് നിശ്ചയിച്ച് പല ഇഫ്ത്താര്‍ പാര്‍ട്ടികളും നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.
യാതൊരു ആധികാരികവുമില്ലാത്ത തരത്തിലാണ് പലരും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ കൊണ്ട്് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ കോഴി, പഴം വ്യാപാര മേഖലക്ക് നഷ്ടപ്പെട്ടത് 114 കോടിയുടെ ബിസിനസാണെന്ന്  ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു. വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചാല്‍ ഇത്തരം പ്രചാരണങ്ങളില്‍ നിന്നും ഒരു പരിധിവരെ  മാറി നില്‍കുമെന്ന് കരുതുന്നവര്‍ ഏറെയാണ്.
Next Story

RELATED STORIES

Share it