Flash News

വ്യാജ വാര്‍ത്തകളും വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകളും: നിയമനടപടിയുമായി കഠ് വ അഭിഭാഷക

വ്യാജ വാര്‍ത്തകളും വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകളും: നിയമനടപടിയുമായി കഠ് വ  അഭിഭാഷക
X


ജമ്മു : തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്തതില്‍ സീ ന്യൂസ് ചാനലിനെതിരെ പ്രതിഷേധവും നിയമനടപടിയുമായി കഠ് വയില്‍ പീഡനത്തിനിരയായി  കൊല ചെയ്യപ്പെട്ട എട്ട് വയസുകാരിയുടെ കുടുംബത്തിന്റെ അഭിഭാഷക ദീപിക സിങ് രജാവത്. ഡിഎന്‍എ എന്ന പരിപാടിയില്‍ ഈ മാസം 17 സംപ്രേക്ഷണം ചെയ്ത വാര്‍ത്തയ്‌ക്കെതിരെ ദീപിക വക്കീല്‍ നോട്ടീസ് അയച്ചു. തന്നെ നിയമക്കുരുക്കില്‍ പെടുത്താനുദ്ദേശിച്ച് തന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അവയ്‌ക്കെതിരെ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും തനിക്കിപ്പോള്‍ ട്വിറ്ററില്‍ അക്കൗണ്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
എന്നെ വെടിവച്ച് കൊല്ലണമെങ്കില്‍ ആയിക്കോളൂ എന്നാലും നുണകള്‍ കെട്ടിച്ചമയ്ക്കരുത് - അവര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.
ദീപിക കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ ജെഎന്‍യുവില്‍ ചിലവഴിച്ചിരുന്നു എന്നാണ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഭട്ടി എന്നൊരാള്‍ അവതാരകനായ സുധീര്‍ ചൗധരിയോട് പറഞ്ഞത്. എന്നാല്‍ താന്‍ ജീവിതത്തിലൊരിക്കലും ജെഎന്‍യുവില്‍ കാലുകുത്തിയിട്ടുപോലുമില്ലെന്ന് ദീപിക പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ വന്‍ തോതില്‍ ധനശേഖരണം നടത്തിയിട്ടുണ്ടെന്നും ഈ പണം വാസ്തവത്തില്‍ ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് ലഭി്ച്ചിട്ടുണ്ടോ എന്നും ഭട്ടി ചോദിച്ചിരുന്നു. താന്‍ ഈ പണം കൈപ്പറ്റി എന്ന തരത്തിലുള്ള ദുസ്സൂചന ഇതിലടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച ദീപിക, താനും തന്നോടൊപ്പമുള്ള അഭിഭാഷകസംഘത്തിലുള്ളവരും തികച്ചും സൗജന്യമായാണ് ഈ കേസില്‍ നിയമസഹായം നല്‍കുന്നതെന്നും വ്യക്തമാക്കി.
തന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ കഠ് വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം ബാനറായി പ്രദര്‍ശിപ്പിച്ചിട്ടുള്ളത് തന്നെ നിയമക്കുരുക്കില്‍പെടുത്താനുള്ള ലക്ഷ്യത്തോടെയാണെന്നും അവര്‍ പറഞ്ഞു. വിഭോര്‍ ആനന്ദ് എന്നൊരാള്‍ തനിക്കെതിരെ ന്യൂഡല്‍ഹിയിലെ തിയ പോലിസ് സ്‌റ്റേഷനില്‍ ഇത്തരമൊരു പരാതി നല്‍കിയിട്ടുമുണ്ട്.
തന്റെ പഴയൊരു ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഇതിനെതിരെ സൈബര്‍സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ദീപിക അറിയിച്ചു. തന്റേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വ്യാജ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ മോഷ്ടിച്ച് അതില്‍ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. ഇത് കുറ്റകരമാണ്. വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദീപിക അറിയിച്ചു.
Next Story

RELATED STORIES

Share it