ernakulam local

വ്യാജ രേഖയുണ്ടാക്കി ജോലി വില്‍ക്കാന്‍ ശ്രമിച്ച സംഭവം: പ്രതികള്‍ പിടിയില്‍



മട്ടാഞ്ചേരി: ബന്ധുത്വം തെളിയിക്കുന്നതിനായി വില്ലേജ് ഓഫിസില്‍ നിന്ന് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി ജോലി വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ ഫോര്‍ട്ട്‌കൊച്ചി പൊലീസിന്റെ പിടിയിലായി. ഫോര്‍ട്ട്‌കൊച്ചി തുരുത്തിയില്‍ സിയാദ്(35), ഫോര്‍ട്ട്‌കൊച്ചി ഈരവേലി കോളനിയില്‍ സിറാജ്(36) എന്നിവരാണ് ഫോര്‍ട്ട്‌കൊച്ചി എസ് ഐ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്. സിയാദ് ജോലി ചെയ്യുന്ന ചുമട് തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിന് കീഴിലുള്ള കൊച്ചിന്‍ പോര്‍ട്ട് ലക്ഷദ്വീപ് വിഭാഗത്തിലെ ഡിറ്റിപി സെക്ഷനിലെ ജോലി സിറാജിന് എട്ടര ലക്ഷം രൂപക്ക് വില്‍പ്പന നടത്തുന്നതിനായി വ്യാജമായി സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുകയായിരുന്നു. സിയാദിന്റെ സഹോദരിയുടെ പുത്രനാണ് സിറാജെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത്. ഇത് ഫോര്‍ട്ട്‌കൊച്ചി വില്ലേജ് ഓഫിസറുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ആണെന്ന വിധത്തില്‍ ക്ഷേമ നിധി ബോര്‍ഡില്‍ ഹാജരാക്കുകയായിരുന്നു.ക്ഷേമ നിധി ബോര്‍ഡ് അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇത് പരിശോധനക്കായി ഫോര്‍ട്ട്‌കൊച്ചി വില്ലേജ് ഓഫിസിലേക്ക് അയക്കുകയായിരുന്നു. വില്ലേജ് അധികൃതരുടെ പരിശോധനയില്‍ ഇത്തരത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലന്ന് വ്യക്തമായതിനെ തുടര്‍ന്ന് വില്ലേജ് അധികൃതര്‍ നല്‍കിയ പരാതിയിലാണ് പോലിസ് അന്വേഷണം നടത്തിയത്. എഎസ്‌ഐമാരായ രഘുനന്ദന്‍, ബല്‍രാജ്, സിവില്‍ പോലിസ് ഓഫിസര്‍ ഉമേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it