kasaragod local

വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കോടികളുടെ സ്വത്ത് തട്ടിയെടുത്തു ; റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം



കാസര്‍കോട്്: ജീവിച്ചിരിക്കുന്ന വ്യക്തി മരിച്ചതായി വ്യാജ മരണ സര്‍ട്ടിഫിക്കറ്റുണ്ടാക്കി കോടികള്‍ വിലമതിക്കുന്ന സ്ഥലം തട്ടിയെടുത്തു. കൂഡ്‌ലു വില്ലേജിലെ സര്‍വെ നമ്പര്‍ 386ല്‍ പെട്ട (റീസര്‍വെ 499) 1.45 ഏക്കര്‍ ഭൂമിയാണ് തട്ടിയെടുത്തത്. വിദ്യാനഗര്‍ സീതാംഗോളി റോഡിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തെ അന്ധവിദ്യാലയത്തിനടുത്തുള്ള ഷോപ്പിങ് കോംപ്ലക്‌സ് സ്ഥിതിചെയ്യുന്ന സ്ഥലമാണ് തട്ടിയെടുത്തത്. ഷെയ്ഖ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമായിരുന്നു ഇത്. ഇദ്ദേഹം 1958ല്‍ മരിച്ചിരുന്നു. അഡീ. തഹസില്‍ദാറുടെ സഹായത്തോടെ ചിലര്‍ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഭൂമി ക്രയവിക്രയം നടത്തുകയായിരുന്നു. ഷെയ്ഖ് ഇബ്രാഹിമിന് രണ്ട് ഭാര്യമാരാണ് ഉണ്ടായിരുന്നത്. ആദ്യ ഭാര്യ കുല്‍സുബി മരിച്ചിരുന്നു. ഇതില്‍ 82 വയസുള്ള ഖൈറുന്നിസ എന്ന മകളുണ്ട്. രണ്ടാമത്തെ ഭാര്യ ഷംസുന്നിസക്ക് നാല് മക്കളുണ്ട്. ബദറുന്നിസ, നയ്മുഷെയ്ഖ്, ഷെയ്ഖ് മൊയ്തീന്‍ അസീസ്, ജയ്മുന്നിസ. വിദ്യാനഗറില്‍ പെട്രോള്‍ പമ്പ് നടത്തുന്ന മഞ്ചുനാഥ് കാമത്തിന്റെ ഭാര്യ നളിനി കാമത്തിന്റെ പേരിലാണ് ഇപ്പോള്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷെയ്ഖ് മൊയ്തീന്‍ നികുതി അടക്കാന്‍ എത്തിയപ്പോഴാണ് ഭൂമി തട്ടിയെടുത്തതായി വിവരം അറിയുന്നത്. നേരത്തെ തന്നെ ഈ പ്രദേശത്ത് ഭൂ മാഫിയ അനധികൃതമായി റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭൂമിക്ക് വ്യാജ രേഖചമച്ച് ഭൂമി സ്വന്തമാക്കിയതായി പരാതി ഉണ്ടായിരുന്നു. വിവരാവകാശ രേഖപ്രകാരം ഭൂമി കൈമാറിയതായി റിക്കാര്‍ഡുണ്ടാക്കിയെങ്കിലും അനന്തരാവകാശികള്‍ അറിയാതെ ഭൂമി എങ്ങനെ വില്‍പന നടത്തിയെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. ഉദ്യോഗസ്ഥ തലത്തില്‍ ഭൂമി മാഫിയകളുമായി കൂടിചേര്‍ന്ന് നടത്തിയ വന്‍തട്ടിപ്പാണ് ഇതിന് പിന്നിലുള്ളതെന്നാണ് പറയപ്പെടുന്നത്.
Next Story

RELATED STORIES

Share it