kozhikode local

വ്യാജ പ്രചാരണം പഴം വിപണിയെ പ്രതിസന്ധിയിലാക്കുന്നു: ഓള്‍ കേരള ഫ്രൂട്ട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കോഴിക്കോട്: നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യജ പ്രചാരണങ്ങള്‍ പഴം വിപണിയെ പ്രതിസന്ധിയിലാക്കുന്നു. വവ്വാലുകള്‍ കഴിച്ച പഴങ്ങള്‍ വഴിയാണ് വൈറസ് പടരുന്നതെന്ന പ്രചാരണങ്ങള്‍ കാരണം സംസ്ഥാനത്തെ പഴവര്‍ഗ വില്‍പന 40 ശതമാനം കുറഞ്ഞെന്ന് ഓള്‍ കേരള ഫ്രൂട്ട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.  മാമ്പഴ വില്‍പനയിലാണ് ഏറ്റവും കൂടുതല്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം മാമ്പഴവില്‍പന 75 ശതമാനം കുറഞ്ഞെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി വി ഹംസ പറഞ്ഞു.
കേരളത്തിലെത്തിക്കുന്ന പഴവര്‍ഗങ്ങളില്‍ 95 ശതമാനവും ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. 400ലധികം ലോഡുകളാണ് സംസ്ഥാനത്തേക്ക് പ്രതിദിനം വന്നികൊണ്ടിരിക്കുന്നത്. ജില്ലയില്‍ 20ലധികം ലോഡുകള്‍ എത്തിക്കാറുണ്ട്. എന്നാല്‍ നിപാ പ്രചാരണങ്ങള്‍ പഴ വിപണിയെ ബാധിച്ചതോടെ കച്ചവടം നടത്താതെ ലോഡുകള്‍ തിരിച്ചയ്‌ക്കേണ്ട ഗതികേടാണുള്ളത്. നല്ല പഴുത്ത പഴങ്ങളാണ് വവ്വാലുകള്‍ക്ക് പ്രിയം. എന്നാല്‍ കച്ചവടത്തിനായി എത്തിക്കുന്നത് പഴുക്കാന്‍ പാകമായതു മാത്രമാണ്. വവ്വാലുകളോ പക്ഷിമൃഗാദികളോ കടിച്ചവ വിപണനത്തിനെത്തിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ലോഡ് കണക്കിന് മാമ്പഴം വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കുന്ന സാഹചര്യം കാരണം പല വ്യാപാരികളും പകുതി വിലയ്ക്കാണ് മാമ്പഴം വില്‍ക്കുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച പഴങ്ങള്‍ ഒരുകാരണവശാലും വില്‍പന നടത്തരുതെന്ന് അസോസിയേഷന്‍, അംഗങ്ങളായ വ്യാപാരികളോട് നിര്‍ദേശിച്ചിട്ടുണ്ട്.
അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി മാത്രമെ മാമ്പഴ വണ്ടികള്‍ സംസ്ഥാനത്തേക്ക് കടത്തിവിടാവൂവെന്നും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹംസ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി ചന്ദ്രശേഖരന്‍ നായര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ടി സി നാസര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it