kozhikode local

വ്യാജ പ്രചാരണം നടത്തിയ 17 പേര്‍ക്കെതിരേ കേസെടുത്തു

കോഴിക്കോട്: നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടത്തിയ 17 പേര്‍ക്കെതിരെ കേസെടുത്തു. നാലു ദിവസത്തിനുള്ളിലാണ് ഇത്രയും പേരെ കണ്ടെത്തി കേസെടുത്തത്. വാട്‌സ്ആപ് ഗ്രൂപ്പുവഴിയും മറ്റും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് 17 പേരെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തത്.
ജില്ലാ മെഡിക്കല്‍ ഓഫിസറുടെ വ്യാജ ലെറ്റര്‍പാഡില്‍, കോഴിയിറച്ചിയിലൂടെ നിപാ വൈറസ് പകരുമെന്ന സന്ദേശം അയച്ചവരും അറസ്റ്റിലാവരില്‍ ഉണ്ട്്. കോഴിക്കോട് ഡിഎംഒയുടെ ലെറ്റര്‍പാഡ് കേരളത്തിനു പുറത്തു നിര്‍മിച്ചതാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട്ടെ ഒരു മാളിലെ സെക്യൂരിറ്റി ജീവനക്കാരന് നിപാ വൈറസ് ബാധയേറ്റു എന്ന സന്ദേശം കൈമാറിയവരേയും പിടികൂടിയിട്ടുണ്ട്. വേലിപ്പുറത്ത് രജീഷ്, കൊമ്മേരി സ്വദേശി രഞ്ജിത് എന്നിവരെയാണ് ഈ കേസില്‍ നല്ലളം പോലിസ്്് അറസ്റ്റ് ചെയ്തത്.
ഫറോക്ക് പ്രദേശത്ത് നിപാ വൈറസ് ബാധിതരുണ്ട് എന്ന നിലയില്‍ പ്രചാരണം നടത്തിയ നല്ലൂര്‍ സ്വദേശി ദിബിജ്, നിമേഷ്, വൈഷ്ണവ്, ദില്‍ജിത്, വിഷ്ണുദാസ് എന്നിവരെ ഫറോക്ക് പോലിസും കസ്റ്റഡിയില്‍ എടുത്തു. ഇത്തരത്തില്‍ വ്യാജമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പോലിസ് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പോലിസിന്റെ കര്‍ശന നിലപാടിനെ തുടര്‍ന്ന് സാമൂഹ്യമാധ്യമം വഴിയുള്ള വ്യാജ പ്രചാരണങ്ങള്‍ കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും സാമൂഹ്യമാധ്യമങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് നടപടികള്‍ തുടരുമെന്ന് പോലിസ് അറിയിച്ചു.
നിലവാരമുള്ള മാസ്‌ക്കുകള്‍ ഉപയോഗിക്കണം:
നിപാ സെല്‍
കോഴിക്കോട്: നിപാ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആശുപത്രികളില്‍ ഉപയോഗിക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ള മാസ്—കുകള്‍ വഴിയോരത്തും മറ്റും വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അംഗീകൃത നിലവാരമുള്ള മാസ്—കുകള്‍ ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പൊതുസ്ഥലങ്ങളില്‍ ഉപയോഗിച്ച മാസ്‌ക്കുകള്‍ വീണ്ടും വില്‍പന നടത്താന്‍ സാധ്യതയുള്ളതിനാല്‍ അംഗീകൃത വ്യാപാരികളില്‍ നിന്നല്ലാതെ വാങ്ങി ഉപയോഗിക്കുന്നത് രോഗം പടരുന്നതിന് ഇടയായേക്കും. അതിനാല്‍ ഒരിക്കല്‍ ഉപയോഗിച്ച മാസ്—കുകള്‍ വീണ്ടും ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാവാതിരിക്കാനുള്ള നടപടി ആശുപത്രികളും പൊതുജനങ്ങളും സ്വീകരിക്കണമെന്ന് സ്റ്റേറ്റ് നിപാ സെല്‍ അറിയിച്ചു.


Next Story

RELATED STORIES

Share it