Flash News

വ്യാജ പ്രചരണവുമായി വീണ്ടും 'സംഘ്‌നാഥ്'; ഹിന്ദു സ്ത്രീയെ മുസ് ലിംകള്‍ ആക്രമിച്ചുവെന്ന് പ്രചാരണം

വ്യാജ പ്രചരണവുമായി വീണ്ടും സംഘ്‌നാഥ്; ഹിന്ദു സ്ത്രീയെ മുസ് ലിംകള്‍ ആക്രമിച്ചുവെന്ന് പ്രചാരണം
X
തിരുവനന്തപുരം: വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണവുമായി വീണ്ടും 'സംഘ്‌നാഥ്'. കഠ് വ ബലാത്സംഗത്തില്‍ ഉള്‍പ്പെടെ വ്യാജ പ്രചരണം നടത്തിയ ട്വിറ്റര്‍ അക്കൗണ്ടായ സംഘ്‌നാഥ് ഇത്തവണ പ്രചരിപ്പിക്കുന്നത് കേരളത്തില്‍ ഹിന്ദു സ്ത്രീകളെ മുസ് ലിംകള്‍ ആക്രമിക്കുന്നുവെന്നാണ്. മുഖത്ത് രക്തവുമായി നില്‍ക്കുന്ന വൃദ്ധയായ ഒരു സ്ത്രീയുടെ ചിത്രം സഹിതമാണ് സംഘ്‌നാഥ് ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.കേരളത്തില്‍ മുസ് ലിങ്ങളാല്‍ ആക്രമിക്കപ്പെട്ട സ്ത്രീ എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം ട്വീറ്റ് ചെയ്തത്. ആക്രമണത്തില്‍ ക്ഷേത്രം തകര്‍ത്തതായും ട്വീറ്റില്‍ ആരോപിക്കുന്നുണ്ട്.



എന്നാല്‍ 2017ല്‍ ബംഗ്ലാദേശില്‍ നടന്ന സംഭവത്തിന്റെ ചിത്രമാണ് കേരളത്തില്‍ നടന്നുവെന്ന വ്യാജേന പ്രചരിപ്പിക്കുന്നത്. ചിറ്റഗോങിലെ പാവപ്പെട്ട ഒരു സ്ത്രീ അയല്‍വാസികളുടെ മര്‍ദ്ദനത്തെതുടര്‍ന്ന് പരിക്കേറ്റ് നില്‍ക്കുന്ന ചിത്രമാണ് ഇത്. അയല്‍വാസികളായ പ്രദിപ് ഘോഷ്, ഇയാളുടെ മകനായ ബിശ്വജിത് ഘോഷ് എന്നിവര്‍ സ്ത്രീയെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ചിത്രം സുപ്‌റ്റോഡിഷ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. നിസഹായയായ സ്ത്രീക്ക് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ഈ പോസ്റ്റാണ് സംഘ്‌നാഥ് കേരളത്തില്‍ നടന്നതെന്ന വ്യാജേന പ്രചരിപ്പിച്ചത്.
ഇതിന് മുന്‍പും പലതവണ വ്യാജ പ്രചരണങ്ങള്‍ സംഘ്‌നാഥ് നടത്തിയിട്ടുണ്ട്. കഠ് വ ബലാത്സംഗത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നുള്ള തരത്തില്‍ പ്രചരണം നടത്തിയിരുന്നു. ബലാത്സംഗം നടന്ന ക്ഷേത്രം നഗരമധ്യത്തിലുള്ളതാണെന്നും എപ്പോഴും ജനസാന്നിധ്യമുള്ളതാണെന്നും അതുകൊണ്ട് തന്നെ ക്ഷേത്രത്തിനകത്ത് ബലാത്സംഗം നടന്നുവെന്ന് പറയാനാകില്ലെന്നുമായിരുന്നു മറ്റൊരു പ്രചാരണം.
2017 ല്‍ ഹിന്ദു ക്ഷേത്രവും, ഗോശാലയും പശുക്കളെയും മുസ് ലിംകള്‍ അഗ്നിക്കിരയാക്കിയെന്ന് പറഞ്ഞുകൊണ്ട് തീ ആളിപ്പടരുന്ന വീഡിയോ സഹിതം സംഘ്‌നാഥ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇത് വ്യാജ പ്രചാരണമാണെന്നും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും ഹൈദരാബാദ് പോലീസ് വെളിപ്പെടുത്തി.
Next Story

RELATED STORIES

Share it