Flash News

വ്യാജ പ്രചരണം; കെഎംസിസി നേതാവിനെതിരേ പരാതി

വ്യാജ പ്രചരണം; കെഎംസിസി  നേതാവിനെതിരേ പരാതി
X
kmcc

ദോഹ: കൂത്തുപറമ്പ് അടിയാറപ്പാറയിലെ മസ്ജിദുമായി ബന്ധപ്പെട്ട് വാട്ട്‌സാപ്പില്‍ വ്യാജ പ്രചരണം നടത്തിയ ഖത്തറിലെ കെഎംസിസി നേതാവ് അര്‍ഷദിനെതിരേ പി ജയരാജന്റെ മകന്‍ ആശിഷ് പി രാജിന്റെ പരാതി. വര്‍ഗീയത വളര്‍ത്തുന്നതിനും മതസ്പര്‍ധ ഉണ്ടാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലീഗ് പ്രവര്‍ത്തകന്റെ പ്രചാരണമെന്ന് പരാതിയില്‍ പറയുന്നു.
പ്രചരണം തന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതാണെന്നും പരാതിയിലുണ്ട്. കണ്ണൂര്‍ എസ്പിക്കാണ് പരാതി നല്‍കിയത്.
ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ എംഎസ്എഫ് മുന്‍ വൈസ് പ്രസിഡന്റുമാണ് അര്‍ഷദ്.
കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലെ അടിയാറപ്പാറ, പൂക്കോട് എന്നീ രണ്ട് സ്ഥലങ്ങളില്‍ ഉണ്ടാക്കിയ പള്ളികളില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചതായും പി ജയരാജന്റെ മകന്‍ ആശിഷ് പി രാജിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകളാണ് ഇതിന് പിന്നിലെന്നും വോയിസ് ക്ലിപ്പില്‍ പറയുന്നു. ഇത് ആര്‍ക്ക് വേണെങ്കിലും അന്വേഷിക്കാമെന്നും തന്റെ കൈയില്‍ തെളിവുണ്ടെന്നും വോയിസ് ക്ലിപ്പില്‍ അവകാശപ്പെടുന്നുണ്ട്.
കൂത്തുപറമ്പിലെ ഒരു പ്രാദേശിക വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ട ഈ ക്ലിപ്പ് ലീഗ് പ്രവര്‍ത്തകര്‍ എടുത്ത് വ്യാപകമായി പ്രചരിപ്പിച്ചതോടെയാണ് സംഭവം പുലിവാലായത്. തിരഞ്ഞെടുപ്പ് സമയം ആയതിനാല്‍ സിപിഎം വിഷയം ഗൗരവത്തിലെടുക്കുകയും നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയുമായിരുന്നു.
സംഗതി കൈവിട്ട് പോവുമെന്ന് വ്യക്തമായതോടെ അര്‍ഷദ് വിശദീകരണവുമായി രംഗത്തെത്തി. സംഭവം നാല് വര്‍ഷം മുമ്പ് നടന്നതാണെന്നും ആഷിഷിന്റെ പേര് ആവേശത്തില്‍ പറഞ്ഞു പോയതാണെന്നും വിശദീകരണ ക്ലിപ്പില്‍ പറയുന്നു.
അടിയാറപ്പാറയിലെ ആളുകള്‍ക്ക് നിസ്‌കരിക്കുന്നതിന് പള്ളി നിര്‍മിക്കാന്‍ പി ജയരാജന്റെയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് മെംബര്‍ പനോളി വല്‍സന്റെയും നേതൃത്വത്തില്‍ 10 സെന്റ് സ്ഥലം വാങ്ങിക്കുകയും കമ്മിറ്റി പള്ളി നിര്‍മിക്കാന്‍ ആവശ്യമായ നടപടികളുമായി മുന്നോട്ടു പോവുന്നതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും അര്‍ഷദ് വിശദീകരണ ക്ലിപ്പില്‍ പറയുന്നു.
അതേ സമയം, വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സംഭവത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് സമയത്ത് വര്‍ഗീയത ഇളക്കിവിട്ട് മുതലെടുപ്പ് നടത്താനുള്ള ലീഗ് പ്രവര്‍ത്തകരുടെ നടപടിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
Next Story

RELATED STORIES

Share it