Idukki local

വ്യാജ പട്ടയ മാഫിയ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്തു



ഉടുമ്പന്‍ചോല: ഉടുമ്പന്‍ചോല താലൂക്കില്‍ വ്യാജ പട്ടയ മാഫിയ ബാങ്കുകളില്‍ നിന്ന് വായ്പയായി തട്ടിയെടുത്തത് മൂന്നുകോടി രൂപ. പട്ടയം, കരംകെട്ടിയ രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സ്‌കെച്ച് എന്നിവ വ്യാജമായി നിര്‍മിച്ചാണ് ഭൂമാഫിയ പണം തട്ടിയത്. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു. തട്ടിപ്പിനിരയായ ബാങ്കുകളും ഇതേക്കുറിച്ചു പ്രാഥമിക അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കി. കമ്പം, നെടുങ്കണ്ടം, കട്ടപ്പന, ഉടുമ്പന്‍ചോല എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാഫിയ സംഘങ്ങളാണു തട്ടിപ്പിനു പിന്നിലെന്നാണ് ബാങ്കുകളുടെ കണ്ടെത്തല്‍. സ്വകാര്യ,  പൊതുമേഖലാ ബാങ്കുകളില്‍നിന്നു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ലൊക്കേഷന്‍ സ്‌കെച്ചില്‍ തിരുത്തല്‍ നടത്തിയാണു സംഘം പല ഗഡുക്കളായി മൂന്നുകോടി രൂപ തട്ടിയത്. ലൊക്കേഷന്‍ സ്‌കെച്ച് അനുസരിച്ചുള്ള ഭൂമി കണ്ടെത്താനാവാതെ ബാങ്ക് അധികൃതര്‍ ഇപ്പോള്‍ നട്ടംതിരിയുകയാണ്. ഭൂമി കണ്ടെത്തി തരണമെന്ന് റവന്യു വിഭാഗത്തോടു ബാങ്ക് ആവശ്യപ്പെട്ടപ്പോള്‍ ലോണെടുത്ത ഭൂമി നിലവിലില്ലെന്നാണു റവന്യു വിഭാഗം ബാങ്കിനു നല്‍കിയ മറുപടി. ഇതോടെ ഹൈറേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്ക് തട്ടിപ്പുസംഘത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്. ഒരേ ഭൂമിയുടെ ലൊക്കേഷന്‍ സ്‌കെച്ചില്‍ റവന്യു ഉ—ദ്യോഗസ്ഥരുടെ സഹായത്തോടെ മാറ്റം വരുത്തിയാണു ബാങ്കുകളെ കബളിപ്പിച്ചത്. തട്ടിപ്പിനിരയായ ചില ബാങ്കുകള്‍ സംഭവം പുറത്തു വിടാതെ രഹസ്യമാക്കി വച്ചിരിക്കുകയാണ്. വായ്പയെടുത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തിരികെ ബാങ്കിലെത്തിക്കാനാണു ചില ബാങ്കുകളുടെ ശ്രമം. എന്നാല്‍, തട്ടിപ്പുസംഘം ജില്ലയ്ക്കു പുറത്തും തമിഴ്‌നാട്ടിലും വിവിധ ബാങ്കുകളില്‍നിന്നു കോടികള്‍ വായ്പ എടുത്തതായും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കു വിവരം ലഭിച്ചു. തട്ടിപ്പു നടന്നതായി റവന്യു ഉദേ്യാഗസ്ഥരെ ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടും വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. അതേസമയം, വായ്പാ തട്ടിപ്പിന് ചില ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്നും വിവരമുണ്ട്.
Next Story

RELATED STORIES

Share it